Saturday, May 23, 2009

ഒരു പ്രണയത്തിന്റ്റെ ഓര്‍മയ്ക്ക്

അന്ന് പറയത്തക്ക പണിയൊന്നും ഉണ്ടായിരുന്നില്ല - പുതിയ പ്രൊജെക്ടിലെക്കു പോകുന്നതിനാല്‍ ഈ റിലീസില്‍ എന്റെ സേവനം ഇല്ല എന്ന് തന്നെ പറയാം. കുറച്ചു എഴുതാന്നു വിചാരിച്ചാല്‍ ഒരു മൂഡും ഇല്ല. അങ്ങനെയാണ് ആറരയുടെ കാബില്‍ പോയേക്കാമെന്ന് വിചാരിച്ചത്.
പോകുന്നതിനു മുന്‍പ് വീട്ടിലേക്കു വിളിച്ചു അമ്മയോട് സംസാരിച്ചു ബ്ലോക്ക്‌ ഓഫീസില്‍ ചീരയുടെ വിത്ത്‌ വന്നു. മുരുകന്റ്റെ വണ്ടിയില്‍ വളമിറക്കാന്‍ മധുവിനോട് ഏര്‍പ്പാട് ചെയ്തു. . . പിന്നെ ഞാന്‍ പറഞ്ഞ കാര്യം നീ ആലോചിച്ചാ? സംഭവം കല്യാണകാര്യം ആണ് നാട്ടിലൊരു ബ്രോക്കര്‍ എന്നെ കെട്ടിച്ചേ അടങ്ങൂ - അത് വേണ്ടാന്ന് പറ ഞാന്‍ കെട്ടുന്നില്ല എന്നിട്ട് ഫോണ്‍ വെച്ചു - സത്യത്തില്‍ എനിക്ക് പേടിയായതോണ്ടാ ട്ടോ പെണ്ണ് കാണാന്‍ ചെന്ന് നമ്മുടെ ഈ വൃത്തികെട്ട രൂപം കണ്ടു പെണ്ണ് ‘എനിക്കിവനെ വേണ്ട’ എന്ന് പറയുകയും; അത് ഈ നാട്ടില്‍ അറിയുകയും; - സാധാരണ ആണുങ്ങള്‍ക്കാണല്ലോ ഇഷടമുള്ള പെണ്‍കുട്ടിയെ തിരഞെടുക്കാന്‍ സമൂഹം അനുമതി നല്‍കിയിരിക്കുന്നത് (ഫെമിനിസ്റ്സ്‌ പ്ലീസ് എക്സ്ക്യുസ്) സാധാരണ തന്നെ തിരഞ്ഞെടുക്കുന്ന പുരുഷനെ കല്യാണം കഴിക്കുകയാണ് ഭൂരിഭാഗം പെണ്‍കുട്ടികളും ചെയ്യുന്നത് - അതിനൊരപവാധമായി 'അവനെ ഒരു പെണ്ണിനും വേണ്ട' എന്ന് നാട്ടുകാര്‍ മൊത്തത്തില്‍ പറയുന്നതും ഒഴിവാക്കാന്‍ എടുത്ത ബുദ്ധിപരമായ ഒരു തീരുമാനം. കല്യാണം കഴിക്കുന്നില്ല - അല്ലാതെ സ്നേഹിക്കാനും സ്നേഹിക്കപെടാനും ആഗ്രഹമില്ലാഞ്ഞിട്ടല്ല കേട്ടോ.

കുമാരഗുരുവിന്റ്റെ കാമ്പസില്‍ ഇറങ്ങി - ഗ്രൗണ്ടില്‍ ബസ്ക്കെറ്റ്‌ ബാള്‍ കളിക്കുന്ന പിള്ളേരെ നോക്കി കോളേജ് ജീവിതം അയവിറക്കി നില്‍ക്കുമ്പോളാണ് ഞാന്‍ അത് ശ്രദ്ധിച്ചത് - അതാ ആ കുട്ടി വരുന്നു കൂടെ നമ്മുടെ സഹബാച്ചി ലക്ഷ്മിയും ഉണ്ട്. അതിനെ അകാടെമിയില്‍ ആദ്യ ദിവസം മുതല്‍ തന്നെ അറിയാമെങ്കിലും അന്ന് നമ്മള്‍ മറ്റു പല അസയിന്‍മെന്റ്സും മൂലം തിരക്കിലായിരുന്നതിനാല്‍ ശ്രദ്ധ വേണ്ടത്ര കേന്ദ്രീകരിക്കാന്‍ പറ്റാതെ പോയി. എന്നിലെ മാത്രു സ്നേഹം ഉണര്‍ന്നത് പെട്ടന്നായിരുന്നു ഇവള്ക്കെന്നെ ഇഷ്ടമാണേല്‍ അങ്ങ് കെട്ടിയേക്കാം അല്ല എന്നാണ് ഉത്തരമെന്കിലും നാട്ടില്‍ ആരും അറിയാന്‍ പോകുന്നുമില്ല അമ്മയുടെ ആഗ്രഹം ചുളുവില്‍ നിറവേറ്റി കൊടുക്കുകയും ചെയ്യാം. മാത്ര് സ്നേഹം നിറഞ്ഞൊരു പുത്രന്‍ തയ്യാറാക്കിയ വിജയിക്കാന്‍ 0.001ശതമാനം മാത്രം ചാന്‍സ് ഉള്ള പ്ലാന്‍. രാത്രി റൂമിലെ സഹമുറിയന്‍മാരായ രയീസ്‌, പ്രാഞ്ചി ടിന്റു എന്നിവരോട് ഞാന്‍ കാര്യം പറഞ്ഞു. കുട്ടിയെ രയിസിനു നല്ല പരിചയം ഉണ്ട്, ഫോണ്‍ നമ്പറും കയ്യിലുണ്ട്. ഒക്കെ നമുക്ക് ശരിയാക്കമെട, നീ ഞങ്ങള്‍ക്ക് കുറച്ചു സമയം തരണം നിന്റെ കൂടെ ഞങ്ങള്‍ ഉണ്ട്. സഹമുറിയന്‍മാര്‍ എനിക്ക് സപ്പോര്‍ട്ട് തന്നു.

പിറ്റേന്ന് ശനിയാഴ്ച ആയതിനാല്‍ വൈകിയാണ് ഉറക്കം ഉണര്‍ന്നത്. രയീസ്‌ അയച്ച ഗുഡ് മോര്നിങ്ങിന് കുട്ടി റിപ്ല്യ്‌ ചെയ്തു - എന്തക്കയോ ശരിയായി വരുന്നുണ്ട് - അന്ന് വയ്കുന്നേരം പ്ലാന്‍ കൊട്ടാരം വീടുമായി പങ്കുവെച്ചു ( കൊട്ടാരം വീട് - ശങ്കു, സരള്‍, ഷഫീക്,പ്രേമന്‍, വരുണ്‍ പിന്നെ അനൂപ്‌ എന്നിവര്‍ താമസക്കാര്‍ - ഞങ്ങളുടെ നല്ല അയല്‍ക്കാര്‍ ). കുട്ടിയെ കൊട്ടാരം വീട്ടുകാര്‍ക്കും ഇഷ്ടമായി; നല്ല സ്വഭാവം; നല്ല പെരുമാറ്റം. ചര്‍ച്ചകള്‍ ആരംഭിച്ചു. ഐശ്വര്യ ബേക്കറിയില്‍ പോയി ചായയും എഗ്ഗ് പഫ്ഫും കഴിച്ചിട്ട് എല്ലാവരും കൂടി തിരിച്ചെത്തി വീണ്ടും ചര്‍ച്ച തുടങ്ങി - വാദങ്ങള്‍ പലതും നടന്നു. ഡൌട്ട് ഉള്ള ഭാഗങ്ങള്‍ കന്നൂളിയെ വിളിച്ചു ക്ലിയര്‍ ചെയ്തു. എനിക്ക് ചര്‍ച്ചയില്‍ വലിയ റോള്‍ ഒന്നും ഉണ്ടായിരുന്നില്ല; രണ്ടു പ്രാവശ്യം കൂടി ഐശ്വര്യ ബേക്കറിയില്‍ പോയി കമ്മറ്റി അംഗങ്ങള്ക്ക് ആവശ്യമായ മിച്ചര്‍, ബിസ്ക്കറ്റ്, കേക്ക് മിരിണ്ട, കോക്ക്‌ എന്നിവ ഞാന്‍ വാങ്ങിക്കൊണ്ടു കൊടുത്തു.

ലക്ഷ്മി വഴി നിനക്ക് വേണമെങ്കില്‍ ആ കുട്ടിയോട് മിണ്ടാം. കമ്മറ്റിയില്‍ ആരോ പറഞ്ഞ ഒരു അഭിപ്രായം ഞാന്‍ കേട്ടു. ലക്ഷ്മി എനിക്ക് വളരെ വേണ്ടപ്പെട്ട കുട്ടി ആയതു വളരെ വേഗത്തിലാണ് അപ്പോഴേ ഫോണ്‍ എടുത്തു ഒരു ഗുഡ് നൈറ്റ്‌ മെസ്സേജ് അയച്ചു- പച്ച മലയാളത്തില്‍ ക്രൂക്കെട്നെസ്സ് –
ചര്‍ച്ച തീര്‍ന്നപ്പോള്‍ മണി രണ്ടായി. എനിക്ക് വേണ്ടി മരിക്കാന്‍ പോലും ഒരു സുഹൃത്‌സംഘം ഉണ്ടായതില്‍ ഞാന്‍ അഭിമാനം കൊണ്ടു. അവരുടെ കുടുംബാങ്ങങള്‍ക്ക് നല്ലത് വരാന്‍ പ്രാര്‍ത്തിച്ചു കിടന്നു.

പുലര്‍ച്ചെ അമ്മ വഴി കിട്ടിയ ഒന്നര ഏക്കര്‍ ചില്വാനം നെല്‍ പാടത്തില്‍ ഞാന്‍ കൃഷി പണിക്കു പോകുന്നതും; എനിക്കുള്ള ഭക്ഷണവുമായി തൂക്കു പാത്രം ആട്ടി വയല്‍ വരമ്പിലൂടെ കള്ളി മുടും ഉടുത്തു നടന്നു വരുന്ന അവളെയും സ്വപ്നം കണ്ടു കിടക്കുകയാണ്. (അല്ലേലും ഞാന്‍ അങ്ങനാണ് പുലര്‍ച്ചെ കാണുന്ന സ്വപ്‌നങ്ങള്‍ ഫലിക്കുമെന്നൊരു വിശ്വാസം ഉള്ളത് കൊണ്ടു രാവിലെ ഉറക്കം ഉണര്‍ന്നു പല്ല് തേപ്പിന് ശേഷം എനിക്കാവശ്യമുള്ള സ്വപ്‌നങ്ങള്‍ കാണാനായി വീണ്ടും കിടക്കാറുണ്ട് - കോളേജ് കാലം മുതല്‍ക്കേ)

ഞായറാഴ്ച വയ്കുന്നേരം അടുത്ത വട്ട ചര്‍ച്ചകള്‍ക്കായി ഞങ്ങള്‍ നാലുപേരും കൂടി അനൂപിന്റ്റെ കാറുമെടുത്തു ഗാന്ധിപുരതെക്കു വിട്ടു. - ഞായറാഴ്ച കൊട്ടാരം വീട്ടുകാര്‍ സ്ത്രീ വിഷയം, പള്ളി തുടങ്ങിയ കാര്യങ്ങളില്‍ ബിസി ആണ്. ഞങ്ങള്‍ അവരെ അന്ന് ശല്യം ചെയ്യാറില്ല.-
പാരിസ്‌ ഹോട്ടെലില്‍ പോയി ഷെവര്‍മയും മിരിണ്ടായും കഴിച്ചു. നേരെ വണ്ടി രയിസ്‌കോര്‍സ് റോഡിലേക്ക്‌ വെച്ച് പിടിച്ചു. വീണ്ടും ചര്‍ച്ചകള്‍ തുടങ്ങി. വാദങ്ങളും പ്രതിവാദങ്ങളുമായി ചര്‍ച്ച കൊഴുത്തു. ഇടയ്ക്കെപ്പോഴോ ചര്‍ച്ചകളെ ഭേദിച്ച് കൊണ്ടു കുമരെശന്റ്റെ ഫോണ്‍ വന്നു തിങ്കളാഴ്ച മുതല്‍ ഞാന്‍ എം.വീ.സിയില്‍ ആണത്രേ അവളുടെ തൊട്ടടുത്ത ഓ.ഡീ.സിയില്‍. ദൈവമേ കാര്യങ്ങള്‍ മൊത്തത്തില്‍ അനുകൂലമാകുവാണല്ലോ?
അടുത്ത ദിവസം രാവിലെ ഞാന്‍ അതിനെ കണ്ടു - എന്റ്റെ തൊട്ടടുത്തെ ബെയില്‍ ആണ് ഇരിക്കുന്നത് - വിനാശകാലെ വിപരീത ബുദ്ധി എന്നാണല്ലോ - കംമുണിക്കെട്ടര്‍ എടുത്തു ചുമ്മാതെ ഒരു ഹായ് അയച്ചു. തിരിച്ചു കിട്ടി ഒന്ന്. പിന്നെ കുറെ എന്തക്കെയോ - രണ്ടു ദിവസത്തെ ചര്‍ച്ചയ്ക്കൊടുവില്‍ എല്ലാവരും കൂടി എന്നെ പറയാന്‍ ഏല്‍പ്പിച്ചത് വള്ളി പുള്ളി കുത്ത് കോമ വിടാതെ അയച്ചു കൊടുത്തു; എന്തിനധികം പറയുന്നു അഞ്ചു മിനിട്ട്ടിനുള്ളില്‍ അവളുടെ കണ്ണില്‍ ഞാന്‍ കോഗ്നീസാന്‍റ്റിലെ ഏറ്റവും വലിയ അലവലാതി ആയി.

ദിനങ്ങള്‍ കൊഴിഞ്ഞു പോയി . ഇന്ന് അവള്‍ ഇവിടെ വന്നിരുന്നു എന്റ്റെ സീറ്റില്‍ - എന്നെ കാണാന്‍. അവളുടെ കല്യാണം വിളിക്കാന്‍. ലോകം എന്നെ നോക്കി വിഡ്ഢി ചിരി ചിരിച്ചു - ഇല്ല ഞാന്‍ കല്യാണമേ കഴിക്കുന്നില്ല പിന്നെ എന്തിനാ ഇതൊക്കെ കേട്ടും കണ്ടും മനസ് വിഷമിക്കുന്നത്? - ഞാന്‍ സ്വയം ആശ്വസിച്ചു - അവതരിപ്പിക്കുന്നതിനു മുന്‍പേ പൊളിഞ്ഞ വണ്‍ സൈഡ് പ്രണയ പരാജയതിന്റ്റെ പാര്‍ട്ടിയും നടത്തി. മൊത്തം ചെലവ് താഴെ കൊടുക്കുന്നു.

വെള്ളി
ശ്രീദേവി ബേക്കറി - 98.00

ശനി
ശ്രീദേവി ബേക്കറി - 147.00; സ്നാക്ക്സ് - 89.00; മിരിണ്ട - 44.00;
കോക്ക്‌ - 44.00

ഞായര്‍
മലബാര്‍ - 456.00; പാരിസ്‌ ഹോട്ടല്‍ -393.00; ചായ - 25.00

ഇന്ന്
പ്രണയ പരാജയ പാര്‍ട്ടി @ മലബാര്‍ - 1255.00

ഇതായിരിക്കും അല്ലെ ശരിക്കും ഒരു നഷ്ട്ട പ്രണയത്തിന്റ്റെ വില???

സമര്‍പ്പണം : നീ നിന്റ്റെ കഥ എഴുതടാ അതാവുമ്പോ ബൈബിളിനെക്കളും വലുതാവും എന്ന് പറഞ്ഞ ടീനയ്ക്ക്.

1 comment: