Monday, May 11, 2009

തൃശൂര്‍ പൂരം ബൈ സനീഷ്‌ രാമന്‍കുട്ടി അഥവാ അക്കാദമി ഡെയ്സ് 2

അകാടെമിയില്‍ അത് ഞങ്ങള്‍ക്ക് രണ്ടാമത്തെ ദിവസം, ജാസ്മിന്‍ എന്നൊരു ഇനസ്‌ട്രക്റ്റര്‍ സോഫ്റ്റ്‌ സ്കില്‍ ട്രെയിനിംഗ് നടത്തുകയാണ്‌ - സ്കില്ലേ ഇല്ലാത്ത ഞങ്ങള്‍ (ഞാന്‍, ശങ്കു, പ്രാഞ്ചി) കയ്യിലുള്ള സാധനം 'സോഫ്റ്റ്‌ ആയാലെന്താ ഹാര്‍ഡ്‌ ആയാലെന്താ' എന്ന മട്ടില്‍ ഇരിക്കുന്നു.
ആദ്യമായി ഒരു വിഡിയോ ഞങ്ങളെ കാണിച്ചു 'ഐ ഹാവ് എ ഡ്രീം സ്പീച്ച്' ആണ് സാധനം. അതിനെ തുടര്‍ന്ന് ആയമ്മ പ്രൊനൌന്‍സേഷനെ കുറിച്ച് പറയാന്‍ തുടങ്ങി - ഓരോരുത്തരെ ആയി മുന്‍പില്‍ വിളിപ്പിച്ചു അവര്‍ സ്വന്തമായി റിസര്‍ച്ച് ചെയ്തു കണ്ടു പിടിച്ച വാക്കുകള്‍ ബോര്‍ഡില്‍ എഴുതി ഇട്ടു വായിപ്പിക്കുകയാണ്.ഞാന്‍ നോക്കുമ്പോള്‍ എന്റെ ഊഴം ഇപ്പൊ വരുമെന്ന് പറഞ്ഞു പ്രാഞ്ചി ആകെ ടെന്‍ഷനില്‍ ഇരിക്കുന്നു. സത്യം പറയാലോ എനിക്ക് യാതൊരു പേടിയും തോന്നിയില്ല - ഇംഗ്ലീഷ് നേരെ ചൊവ്വെ പറയാന്‍ അറിഞ്ഞൂടാത്ത ഞാനെന്തിനു പ്രൊനൌന്‍സേഷനെ പേടിക്കണം ഹല്ല പിന്നെ !!!
ഒടുവില്‍ എന്റെ ഊഴം എത്തി ഞാന്‍ വായിക്കേണ്ട ഐറ്റം ഇതാണ്
bet, let, set, weather, whether, when, leisure,'
ഞാന്‍ തുടങ്ങി ബെറ്റ്, ലെറ്റ്, സെറ്റ്, വെതര്‍ വെതര്‍ . . . - ഞാന്‍ നോക്കുമ്പോള്‍ മൂപ്പത്തിയാര്‍ തലയില്‍ കയ്യും വെച്ചിരിക്കുകയാണ് തുടര്‍ന്ന് ഒരു ദീര്‍ഖ നിശ്വാസം എന്നിട്ട് മുന്‍പ് ബോര്‍ഡില്‍ എഴുതി ഇട്ടതു വായിച്ചു കയ്യടി നേടിയ പ്രിയ ഫ്രാന്‍സിസിനെ വിളിപ്പിച്ചു ഇതൊന്നു വായിക്കാന്‍ പറഞ്ഞു അത് ഏതാണ്ട് ഇപ്രകാരം വായിച്ചു ബെറ്റ്, ലെറ്റ്, സെറ്റ്, വെതര്‍ വെതര്‍ . . . -നിങ്ങള്ക്ക് എന്തെങ്കിലും വ്യത്യാസം തോന്നിയോ ? ഇല്ലല്ലോ ? എനിക്കും തോന്നിയില്ല പക്ഷെ അവര്‍ എന്നെ നോക്കി നില്‍ക്കുകയാണ്‌ തുടര്‍ന്ന് ഒരു ചോദ്യവും - നവ് യു ഗെറ്റ് ദി ഡിഫെരെന്‍സ് റൈറ്റ്? - എന്ത് വ്യതാസം? എന്ത് ഡിഫെരെന്‍സ്? എന്തായാലും ഇവന്‍ നന്നാവില്ല എന്നവര്‍ക്ക് മനസിലായി - എന്നോട് പോയി ഇരുന്നോളാന്‍ ആഗ്യം കാണിച്ചു. അന്നത്തെ ക്ലാസിനു ശേഷം എല്ലാവര്ക്കും പിറ്റെന്നതെക്കുള്ള പണിയും തന്നു - നാളെ വരുമ്പോള്‍ ഏതെങ്കിലും ഒരു ടോപിക്കിനെ കുറിച്ച് പറയണം –

അന്ന് രാത്രി കുളിയൊക്കെ കഴിഞ്ഞു നമ്മുടെ സഹമുറിയന്‍ പ്രാഞ്ചി ഒരു പുതിയ ബുക്കും പേനയുമായി എന്റെ കട്ടിലിനടുത്ത്‌ വന്നിരുന്നു - ഞാനാണേല്‍ ഇസ്തിരി ഇടുന്ന തിരക്കിലാണ് - 'ഡാ നീ നാളെ പറയാനുള്ളത് എഴുതിയാ?' അവന്‍ ചോദിച്ചു. 'ഹോ ഇല്ലെടാ നാളെ രാവിലെ പോയി എന്തെങ്കിലും പറയാംന്നെ' ഞാന്‍ അവനെ സമാധാനിപ്പിച്ചു - ഒന്നും പറയാന്‍ അറിയില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ -' അങ്ങനെയാണേല്‍ എനിക്ക് രണ്ടു സെന്‍ടന്‍സ് പറഞ്ഞു താടാ. നീ പറയാന്‍ പോകുന്നതില്‍ നിന്നും ഒഴിവാക്കിയത് മതി' അവന്‍ മടിച്ചു മടിച്ചു കാര്യം അവതരിപ്പിച്ചു- പ്രിയപ്പെട്ടവരേ ഇംഗ്ലീഷില്‍ എഴുതാന്‍ ജീവിതത്തില്‍ എന്നോട് സഹായം ചോദിക്കുന്ന ആദ്യ വ്യക്തി എന്ന ബഹുമതി അവന്‍ സ്വന്തമാക്കുകയായിരുന്നു !!!

പിറ്റേദിവസം പുലര്‍ന്നു - ഞാനും പ്രന്ചിയും ബെസിലും ക്യാബില്‍ കയറി തുടര്‍ന്ന് ആ ക്യാബില്‍ കയറുന്ന ഓരോരുത്തരും അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കുന്നത് അത് തന്നെ 'എഴുതിയാ ?'
എന്തായാലും എനിക്കും പ്രാന്ചിക്കും ഒരു കൂട്ട് കിട്ടി - സനീഷ്‌ രാമന്‍കുട്ടി - അവനും എഴുതിയിട്ടില്ലത്രേ - ഹാവൂ സമാധാനം അപ്പോള്‍ ഈ പ്രശ്നത്തില്‍ ഞങ്ങള്‍ തനിച്ചല്ല -
ക്ലാസ്സില്‍ ജാസ്മിന്‍ വന്നു - ആദ്യം എത്തിയത് പൂജ ആണ് - പുള്ളിക്കാരത്തി കാള്‍ സെന്ററില്‍ വര്‍ക്ക്‌ ചെയ്ത കഥ നല്ല സ്ടയിലന്‍ ഇംഗ്ലീഷില്‍ അടിച്ചു (തെറ്റു ധരിക്കരുത് കേട്ടോ എനിക്ക് മനസിലാകാത്ത ഇംഗ്ലീഷ് ആണ് സ്ടയിലന്‍‍ ഇംഗ്ലീഷ്) തുടര്‍ന്ന് വരുണ്‍ തനിക്കു ഒരു കൊച്ചിനെ കളഞ്ഞു കിട്ടിയ സംഭവം സ്വപ്നമായി അവതരിപ്പിച്ചു വീണ്ടും കയ്യടി നേടി -എന്റേം പ്രാന്ചിയുടെയും ടെന്‍ഷന്‍ കൂടുകയാണ്. കയ്യില്‍ ഒരു ബ്ലാങ്ക് പേപ്പര്‍ കൂടി ഇല്ല പിന്നെന്തു വായിക്കാന്‍ - ആശ സുല്‍ത്താന്‍ എത്തി യോഗയുടെ ഗുണങ്ങള്‍ പറഞ്ഞു യോഗ ഉപയോഗിച്ച് മനസിനെ പിടിച്ച പിടിയില്‍ നിര്‍ത്താമെന്ന്. സത്യം പറയാല്ലോ നേരെ പോയി അപ്പൊ തന്നെ ആ അമ്മെടടുതുന്നു യോഗ പഠിച്ചാലോ എന്ന് വരെ വിചാരിച്ചു - മനസിനെ പിടിച്ചു നിര്‍ത്താലോ !!! - ഞങ്ങള്‍ ഒരു കാര്യം അപ്പോഴാണ്‌ ശ്രദ്ധിച്ചത് - സനീഷിനു ടെന്‍ഷനെ ഇല്ല - ചിലപ്പോ അവനു യോഗ അറിയാമായിരിക്കും ഞാനും പ്രാഞ്ചിയും പരസ്പരം നോക്കി - അടുത്തതായി എത്തിയത് രന്ജുവാണു - അച്ഛന്‍ പറഞ്ഞത് കേള്‍ക്കാതെ രാവിലെ മൂന്നര വരെ കിടന്നു ഉറങ്ങുമായിരുന്നതിനാല്‍ പ്രേഡിഗ്രിക്ക് മാര്‍ക്ക് തൊണ്ണൂറു ശതമാനമായ്പ്പോയെന്നും തുടര്‍ന്ന് തെറ്റ് തിരുത്തി ഡിഗ്രിക്കും പീജീക്കും തൊണ്ണൂറ്റി ഒന്‍പതു ശതമാനം മാര്‍ക്ക് കിട്ടിയെന്നുമുള്ള കണീരിന്റ്റെ നനവുള്ള കഥ പറഞ്ഞു - ദൈവമേ തൊണ്ണൂറു ശതമാനം! ഞാന്‍ നോക്കുമ്പോ രമ്യ പുശ്ച്ചം കലര്‍ത്തി അതിനെ ഒരു നോട്ടം - ചിലപ്പോ രമ്യക്ക് നൂറു ശതമാനം ഉണ്ടായിരിക്കും - ഞാന്‍ ഇവിടെങ്ങന്നെ വന്നു പെട്ടു?
അടുത്തതായി നമ്മടെ ഈ കഥയിലെ നായകനെ വിളിച്ചു - മിസ്റ്റര്‍ സനിഷ്‌ രാമന്‍കുട്ടി. ഞാനും പ്രാഞ്ചിയും നോക്കുമ്പോ അവന്‍ പോക്കെറ്റില്‍ നിന്നും ഒരു പേപ്പര്‍ വലിച്ചെടുത്തു മുന്‍പിലേക്ക് നടക്കുന്നു - വന്ജകന്‍ അപ്പൊ അവന്‍ എഴുതി കൊണ്ട് വന്നിട്ടാണ് ഈ കളി കളിച്ചത്. അവന്‍ അവിടെ പറഞ്ഞത് മുഴുവനായി ഞാന്‍ താഴെ ചേര്‍ക്കുന്നു

'ടുഡേ ഐ അം ഗോയിംഗ് ടോ എക്സ്പ്ലൈന്‍ തൃശൂര്‍ പൂരംതൃശൂര്‍ പൂരം ഈസ്‌ കാള്‍ട് പൂരം ഓഫ് ആള്‍ പൂരംസ്‌. ആന്‍ഡ്‌ ഈസ്‌ ഓണ്‍ മേടം.ഓണ്‍ പൂരം ഡേ, ഫിഫ്ടി എലെഫന്റ്സ്‌ വില്‍ സ്റ്റാന്റ് ഇന്‍ ഫ്രന്റ്‌ ഓഫ് പാറമേക്കാവ് ആന്‍ഡ്‌ തിരുവമ്പാടി. ഓള്‍ എലെഫന്റ്സ്‌ വില്‍ ഹാവ് നെറ്റിപ്പട്ടം ആലവട്ടം വെഞ്ചാമരം ആന്‍ഡ്‌ കൊട - കൊട മീന്‍സ്‌ അമ്ബ്രല്ല - ബോത്ത്‌ സൈഡ് വില്‍ ആള്‍സോ ഹാവ് പഞ്ചവാദ്യം. ദെന്‍ വി കാന്‍ സീ കൊടമാറ്റം. ദേ വില്‍ ചേഞ്ച്‌ അമ്ബ്രെല്ലാസ് - ആന്‍ഡ്‌ ഫിനല്ലി വി കാന്‍ സീ വെടിക്കെട്ട്. ഓള്‍ ദീസ്‌ ആര്‍ കോമ്പട്ടീഷന്‍ ഐറ്റംസ് ബിട്വീന്‍ പാറമേക്കാവ് ആന്‍ഡ്‌ തിരുവമ്പാടി.'

-ഇവന്‍ അങ്ങനെ തുടരുന്നതിനിടയില്‍ പതുക്കെ എന്നോട് പ്രാഞ്ചി ചോദിച്ചു - അപ്പൊ മലയാളത്തില്‍ വേണേലും പറയാം ല്ലേ ?

കുറിപ്പ് : കുറച്ചു വലുതായി പോയി . സഹകരണം പ്രതീഷിക്കുന്നു.

1 comment: