Sunday, May 24, 2009

ടിന്റൂന്റ്റെ ഫ്രൂട്ട് സലാഡ്

സോണിയയുടെ അച്ഛനും അമ്മയും വന്നത് പ്രമാണിച്ച് ഞങ്ങളുടെ വീട്ടില്‍ വീത പ്രകാരം കിട്ടിയ മാമ്പഴത്തില്‍ നിന്നാണ് തുടക്കം - ടിന്റൂനു ഫ്രൂട്ട് സലാഡ്‌ കഴിക്കണം. അന്ന് വൈകിട്ട് ബൂമെരങ്ങില്‍ കൊണ്ട് പോയി ഒന്ന് വാങ്ങി കൊടുത്തു ഞങ്ങളും തിന്നു ഓരോന്ന് (മൊത്തം നാലെണ്ണം ആകെ ഇരുനൂറു രൂപ - ടിന്റു വഹ).ബില്ല് കണ്ടു ഡിസ്കഷന്‍ തുടങ്ങിയ പ്രാഞ്ചി ബൂമെരാങ്ങു കാരുടെ ഭീമമായ ലാഭത്തെ കുറിച്ച് വാചാലനായി. ‘എന്റ്റെ പൊന്നാടാ ഉവ്വേ, തൊട്ടു മുന്‍പിലുള്ള പഴമുതിര്‍ നിലയത്തില്‍ നിന്നും ഇരുപത്തി അഞ്ചു രൂപയ്ക്ക് കിട്ടുന്ന പഴങ്ങളും അഞ്ചു രൂപേടെ ഐസ് ക്രീമും ചേര്‍ത്താണല്ലോ ഇവന്മാര്‍ ഇരുനൂറു രൂപ ഉണ്ടാക്കിയത്. ഒരുദിവസം അടയ്ക്ക പിച്ചിയാല്‍ കിട്ടുന്ന കൂലിയാ പോയത് !’
എന്നാല്‍ ഇത് കേട്ട് നിന്ന ടിന്റുവിന്റ്റെ ബുദ്ധി മറ്റൊരു ചിന്തയിലെക്കാണ് പോയത്. എന്ത് കൊണ്ട് നമുക്കിത് ദിവസവും ഉണ്ടാക്കിക്കൂടാ? പക്ഷെ വീട്ടില്‍ അടുപ്പും ഫ്രിട്ജും വാങ്ങാമെന്നു വെച്ചാല്‍ കൂടെയുള്ളവന്മാര്‍ എതിര്‍ക്കും - യുറെക്ക ടീനാ ദേവസ്സി - അവളെ മണിയടിച്ചു കാര്യം സാധിച്ചേക്കാം - അപ്പോഴേ ഫോണ്‍ എടുത്തു വിളിച്ചു ' ഡീ നീ ഇട്ടിരിക്കിന ചുരിദാര്‍ എടുന്ന് മേങ്ങിയതാ? പെങ്ങള്‍ക്കൊന്നു കൊണ്ടുപോണം. ഏതാ പീടിക?' - ടീന വീണു; വീണെന്ന് പറഞ്ഞാല്‍ മൂക്കും കുത്തി വീണു. 'അല്ലടാ അത് ശരിക്കും എന്നെ പോലെ കൂര്‍ത്ത മൂക്കാനെങ്കിലെ ഇതിട്ടാല്‍ ഭംഗിയുണ്ടാവൂ. . . ' ടിന്റു സമ്മതിച്ചു കൊടുത്തു. തുടര്‍ന്ന് കാര്യം അവതരിപ്പിച്ചു. തന്റ്റെ സൌന്ദര്യത്തില്‍ മതി മറന്നു നിന്ന ടീന ഓക്കേ പറഞ്ഞു. നാളെ ഞായറാഴ്ച പള്ളീന്നു വന്നിട്ട് ശരിയാക്കി കളയാം. ലിസ്റ്റ് ഇപ്പൊ തരാം.
ടിന്റു ലിസ്റ്റ് എടുത്തു - പാല് രണ്ടു കവര്‍, കോണ്‍ഫ്ലേക്സ് പൌഡര്‍ - നൂറു ഗ്രാം, വനിലാ എസ്സെന്‍സ് ഒരു കുപ്പി, പഴങ്ങള്‍ വിവിധ തരം മൂന്നു കിലോ ഗ്രാം,ലാക്മേ ലിപ്സ്ടിക്ക് ഫെറാറി റെഡ് ഒന്ന്, പഞ്ചസാര രണ്ടു കിലോ, കിസ്മിസ്‌, ചെറി എന്നിവ ആവശ്യത്തിനു, ഗാര്‍നിയര്‍ ഫേസ് വാഷ്‌ ഒരെണ്ണം. ഞങ്ങള്‍ ഷോപ്പിങ്ങിനിറങ്ങി പഴം നാല് കിലോ വാങ്ങി. പാല് മൂന്നു കവറും. ഉച്ചയ്ക്ക് വയറു നിറയെ ഐസ്ക്രീമും തിന്നു ഉറങ്ങുന്നതു സ്വപ്നം കണ്ടു കിടന്നു. ഇടത്തരം ഗ്രാമീണ കുടുംബത്തില്‍ നിന്നും വന്ന എനിക്ക് കുട്ടിക്കാലത്ത് ഐസ്ക്രീം ഉത്സവ പറമ്പുകളില്‍ മാത്രം കിട്ടുന്ന, രണ്ടു രൂപയ്ക്ക് അര ടീസ്പൂണ്‍ മാത്രം തന്നിരുന്ന ഒരു സാധനം ആയിരുന്നു. അതിനോടുള്ള കൊതി ഇപ്പോഴും മാറിയിട്ടില്ല. ഏതു പാര്‍ട്ടിക്ക് പോയാലും ആ പഴയ കൊതിയാല്‍ ഞാന്‍ നിറയെ കഴിക്കാറ്ണ്ട് -മന്നെര്‍സ്(മലയാളികളുടെ ദുരഭിമാനം) നോക്കാതെ.
ടീന പള്ളിയില്‍ പോയി വന്നു. ടിന്റ്ടു സാധനങ്ങള്‍ കൈ മാറി. ഫ്രൂട്ട് സലാഡ്‌ കഴിക്കെണ്ടാതിനാല്‍ ഞങ്ങള്‍ അന്ന് ഉച്ചയൂണു വേണ്ടാന്ന് വെച്ചു. അരമണിക്കൂറായിക്കാണും ടിന്റുനു ടീനയുടെ ഫോണ്‍ വന്നു. പാല് ഒരു പാക്കെറ്റ് കൂടെ വേണം. ഞാനും അവനും കൂടെ പോയി വാങ്ങിക്കൊണ്ട് കൊടുത്തു - ഐസ് ക്രീമിന്റ്റെ അളവ് കൂടുമെന്നതിനാല്‍ എന്റ്റെ സന്തോഷം ഇരട്ടിയായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? വീട്ടില്‍ എത്തി വണ്ടി പാര്‍ക്ക് ചെയ്യുന്നതിനിടയില്‍ വീണ്ടും ഫോണ്‍ വന്നു - പാല്‍ ഒരു കവര്‍ കൂടി വേണം. ദൈവമേ രാത്രിയും ഐസ്ക്രീം കഴിക്കേണ്ടി വരുമോ? അപ്പൊ നീ ഇതിനായിരുന്നല്ലേ എന്റ്റെ ജീവിതം ഇത്രയും നാളത്തേക്ക് നീട്ടി തന്നതല്ലേ? (കടപ്പാട്‌ നിസ്സി - ദൈവം ജീവിതം പരീക്ഷനങ്ങളില്‍ കൂടി ഓരോ നിമിഷവും നീട്ടിക്കൊണ്ട് പോകുന്നത് വലിയ എന്തോ ഒന്ന് ഒടുവില്‍ തരാനാണ് - നിസ്സ്യുടെ പള്ളിയില്‍ ഒരു മെഴുക്തിരി കത്തിക്കണം).
പാല് വാങ്ങി കൊടുത്തതും ടീന പറഞ്ഞു - പഞ്ചസാര അരകിലോ കൂടെ വേണം പിന്നെ പാല്‍ ഒരു കവര്‍ കൂടി - നിങ്ങളെ പോലെ ഞാനും എന്തോ ഒരു പന്തികേട്‌ മണത്തു. ടീനയ്ക്കൊരു പരിഭ്രമം ഉണ്ടോ? ഹേ എനിക്ക് തോന്നിയതായിരിക്കും - പഞ്ചസാരയും രണ്ടു കവര്‍ പാലും വാങ്ങി കൊടുത്തു ഇനി വാങ്ങാന്‍ ഞാന്‍ വരില്ലാന്ന് ടിന്റൂനോട് പറയുകയും ചെയ്തു. വിശന്നു കൊടല്‍ കത്തുന്നു. വീട്ടില്‍ എത്തി ഫാന്‍ ഇട്ടു കട്ടിലില്‍ മലര്‍ന്നു കിടന്നു. അതാ വീണ്ടും ഫോണ്‍ ശബ്ദിക്കുന്നു - ടീന തന്നെ ഇത്തവണ വേണ്ടത് ഒരു കുപ്പി എസ്സെന്‍സ് ആണ് - എന്നെ വിളിച്ചാല്‍ ചീത്ത വിളിക്കുമെന്നതിനാല്‍ ടിന്റു ഷര്‍ട്ടും ഇട്ടു ഒറ്റയ്ക് ഇറങ്ങി പോയി.
മണി അഞ്ചായി ടിന്റു മൂന്നു തവണ കൂടി കടയില്‍ പോയി വന്നു.
രണ്ടും കല്‍പ്പിച്ചു ഞാന്‍ ടീനയെ വിളിച്ചു - 'ഡാ അത് എന്താന്നറിയില്ല; ഇതുവരെ എനിക്കിങ്ങനെ ഉണ്ടായിട്ടില്ല; എന്തോ ഒരു കടുപ്പം; പാലിന്റ്റെ ആണെന്ന് തോനുന്നു. ഞാന്‍ മില്‍മ പാലിലെ ഉണ്ടാക്കിയിട്ടുള്ളൂ' - എനിക്ക് എല്ലാ പ്രതീഷയും നഷ്ടമായി. രയീസുമായി ഐശ്വര്യ ബെക്കരിയില്‍ പോയി ഒരു കാപ്പി കുടിച്ചു. ടീന വീണ്ടും വിളിച്ചു എന്തായാലും പോയി കാര്യം അറിഞ്ഞെക്കമെന്നു വെച്ചു - സുഹൃതുക്കളെ; തന്റ്റെ കിടാവിനുള്ള പാല് ഒരു നേരത്തെ ഭക്ഷണത്തിനായി അവിന്‍ പാല്‍ കമ്പനിക്കാര്‍ക്ക് വിറ്റ പശു സഹിക്കില്ല ആ കരളലിയിക്കുന്ന കാഴ്ച. ഐസ് ക്രീം ഉണ്ടാക്കി ഫ്രുട്ട്സില്‍ ചേര്‍ക്കുന്നതിനു പകരം ആയമ്മ പാലില്‍ പഴങ്ങള്‍ ചേര്‍ത്ത് വേവിച്ച് വെച്ചിരിക്കുന്നു !!!
വാല്‍ കഷണം: രാത്രി എട്ടു മണി വരെ ടിന്റു ഫ്രൂട്ട് സലാഡ്‌ പ്രതീഷിച്ചിരുന്നു. പിന്നീട് ഞങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി അമുതാസില്‍ പോയി ചപ്പാത്തി തിന്നു.
ചീഫ് എഡിറ്റെര്സ്

Saturday, May 23, 2009

ഒരു പ്രണയത്തിന്റ്റെ ഓര്‍മയ്ക്ക്

അന്ന് പറയത്തക്ക പണിയൊന്നും ഉണ്ടായിരുന്നില്ല - പുതിയ പ്രൊജെക്ടിലെക്കു പോകുന്നതിനാല്‍ ഈ റിലീസില്‍ എന്റെ സേവനം ഇല്ല എന്ന് തന്നെ പറയാം. കുറച്ചു എഴുതാന്നു വിചാരിച്ചാല്‍ ഒരു മൂഡും ഇല്ല. അങ്ങനെയാണ് ആറരയുടെ കാബില്‍ പോയേക്കാമെന്ന് വിചാരിച്ചത്.
പോകുന്നതിനു മുന്‍പ് വീട്ടിലേക്കു വിളിച്ചു അമ്മയോട് സംസാരിച്ചു ബ്ലോക്ക്‌ ഓഫീസില്‍ ചീരയുടെ വിത്ത്‌ വന്നു. മുരുകന്റ്റെ വണ്ടിയില്‍ വളമിറക്കാന്‍ മധുവിനോട് ഏര്‍പ്പാട് ചെയ്തു. . . പിന്നെ ഞാന്‍ പറഞ്ഞ കാര്യം നീ ആലോചിച്ചാ? സംഭവം കല്യാണകാര്യം ആണ് നാട്ടിലൊരു ബ്രോക്കര്‍ എന്നെ കെട്ടിച്ചേ അടങ്ങൂ - അത് വേണ്ടാന്ന് പറ ഞാന്‍ കെട്ടുന്നില്ല എന്നിട്ട് ഫോണ്‍ വെച്ചു - സത്യത്തില്‍ എനിക്ക് പേടിയായതോണ്ടാ ട്ടോ പെണ്ണ് കാണാന്‍ ചെന്ന് നമ്മുടെ ഈ വൃത്തികെട്ട രൂപം കണ്ടു പെണ്ണ് ‘എനിക്കിവനെ വേണ്ട’ എന്ന് പറയുകയും; അത് ഈ നാട്ടില്‍ അറിയുകയും; - സാധാരണ ആണുങ്ങള്‍ക്കാണല്ലോ ഇഷടമുള്ള പെണ്‍കുട്ടിയെ തിരഞെടുക്കാന്‍ സമൂഹം അനുമതി നല്‍കിയിരിക്കുന്നത് (ഫെമിനിസ്റ്സ്‌ പ്ലീസ് എക്സ്ക്യുസ്) സാധാരണ തന്നെ തിരഞ്ഞെടുക്കുന്ന പുരുഷനെ കല്യാണം കഴിക്കുകയാണ് ഭൂരിഭാഗം പെണ്‍കുട്ടികളും ചെയ്യുന്നത് - അതിനൊരപവാധമായി 'അവനെ ഒരു പെണ്ണിനും വേണ്ട' എന്ന് നാട്ടുകാര്‍ മൊത്തത്തില്‍ പറയുന്നതും ഒഴിവാക്കാന്‍ എടുത്ത ബുദ്ധിപരമായ ഒരു തീരുമാനം. കല്യാണം കഴിക്കുന്നില്ല - അല്ലാതെ സ്നേഹിക്കാനും സ്നേഹിക്കപെടാനും ആഗ്രഹമില്ലാഞ്ഞിട്ടല്ല കേട്ടോ.

കുമാരഗുരുവിന്റ്റെ കാമ്പസില്‍ ഇറങ്ങി - ഗ്രൗണ്ടില്‍ ബസ്ക്കെറ്റ്‌ ബാള്‍ കളിക്കുന്ന പിള്ളേരെ നോക്കി കോളേജ് ജീവിതം അയവിറക്കി നില്‍ക്കുമ്പോളാണ് ഞാന്‍ അത് ശ്രദ്ധിച്ചത് - അതാ ആ കുട്ടി വരുന്നു കൂടെ നമ്മുടെ സഹബാച്ചി ലക്ഷ്മിയും ഉണ്ട്. അതിനെ അകാടെമിയില്‍ ആദ്യ ദിവസം മുതല്‍ തന്നെ അറിയാമെങ്കിലും അന്ന് നമ്മള്‍ മറ്റു പല അസയിന്‍മെന്റ്സും മൂലം തിരക്കിലായിരുന്നതിനാല്‍ ശ്രദ്ധ വേണ്ടത്ര കേന്ദ്രീകരിക്കാന്‍ പറ്റാതെ പോയി. എന്നിലെ മാത്രു സ്നേഹം ഉണര്‍ന്നത് പെട്ടന്നായിരുന്നു ഇവള്ക്കെന്നെ ഇഷ്ടമാണേല്‍ അങ്ങ് കെട്ടിയേക്കാം അല്ല എന്നാണ് ഉത്തരമെന്കിലും നാട്ടില്‍ ആരും അറിയാന്‍ പോകുന്നുമില്ല അമ്മയുടെ ആഗ്രഹം ചുളുവില്‍ നിറവേറ്റി കൊടുക്കുകയും ചെയ്യാം. മാത്ര് സ്നേഹം നിറഞ്ഞൊരു പുത്രന്‍ തയ്യാറാക്കിയ വിജയിക്കാന്‍ 0.001ശതമാനം മാത്രം ചാന്‍സ് ഉള്ള പ്ലാന്‍. രാത്രി റൂമിലെ സഹമുറിയന്‍മാരായ രയീസ്‌, പ്രാഞ്ചി ടിന്റു എന്നിവരോട് ഞാന്‍ കാര്യം പറഞ്ഞു. കുട്ടിയെ രയിസിനു നല്ല പരിചയം ഉണ്ട്, ഫോണ്‍ നമ്പറും കയ്യിലുണ്ട്. ഒക്കെ നമുക്ക് ശരിയാക്കമെട, നീ ഞങ്ങള്‍ക്ക് കുറച്ചു സമയം തരണം നിന്റെ കൂടെ ഞങ്ങള്‍ ഉണ്ട്. സഹമുറിയന്‍മാര്‍ എനിക്ക് സപ്പോര്‍ട്ട് തന്നു.

പിറ്റേന്ന് ശനിയാഴ്ച ആയതിനാല്‍ വൈകിയാണ് ഉറക്കം ഉണര്‍ന്നത്. രയീസ്‌ അയച്ച ഗുഡ് മോര്നിങ്ങിന് കുട്ടി റിപ്ല്യ്‌ ചെയ്തു - എന്തക്കയോ ശരിയായി വരുന്നുണ്ട് - അന്ന് വയ്കുന്നേരം പ്ലാന്‍ കൊട്ടാരം വീടുമായി പങ്കുവെച്ചു ( കൊട്ടാരം വീട് - ശങ്കു, സരള്‍, ഷഫീക്,പ്രേമന്‍, വരുണ്‍ പിന്നെ അനൂപ്‌ എന്നിവര്‍ താമസക്കാര്‍ - ഞങ്ങളുടെ നല്ല അയല്‍ക്കാര്‍ ). കുട്ടിയെ കൊട്ടാരം വീട്ടുകാര്‍ക്കും ഇഷ്ടമായി; നല്ല സ്വഭാവം; നല്ല പെരുമാറ്റം. ചര്‍ച്ചകള്‍ ആരംഭിച്ചു. ഐശ്വര്യ ബേക്കറിയില്‍ പോയി ചായയും എഗ്ഗ് പഫ്ഫും കഴിച്ചിട്ട് എല്ലാവരും കൂടി തിരിച്ചെത്തി വീണ്ടും ചര്‍ച്ച തുടങ്ങി - വാദങ്ങള്‍ പലതും നടന്നു. ഡൌട്ട് ഉള്ള ഭാഗങ്ങള്‍ കന്നൂളിയെ വിളിച്ചു ക്ലിയര്‍ ചെയ്തു. എനിക്ക് ചര്‍ച്ചയില്‍ വലിയ റോള്‍ ഒന്നും ഉണ്ടായിരുന്നില്ല; രണ്ടു പ്രാവശ്യം കൂടി ഐശ്വര്യ ബേക്കറിയില്‍ പോയി കമ്മറ്റി അംഗങ്ങള്ക്ക് ആവശ്യമായ മിച്ചര്‍, ബിസ്ക്കറ്റ്, കേക്ക് മിരിണ്ട, കോക്ക്‌ എന്നിവ ഞാന്‍ വാങ്ങിക്കൊണ്ടു കൊടുത്തു.

ലക്ഷ്മി വഴി നിനക്ക് വേണമെങ്കില്‍ ആ കുട്ടിയോട് മിണ്ടാം. കമ്മറ്റിയില്‍ ആരോ പറഞ്ഞ ഒരു അഭിപ്രായം ഞാന്‍ കേട്ടു. ലക്ഷ്മി എനിക്ക് വളരെ വേണ്ടപ്പെട്ട കുട്ടി ആയതു വളരെ വേഗത്തിലാണ് അപ്പോഴേ ഫോണ്‍ എടുത്തു ഒരു ഗുഡ് നൈറ്റ്‌ മെസ്സേജ് അയച്ചു- പച്ച മലയാളത്തില്‍ ക്രൂക്കെട്നെസ്സ് –
ചര്‍ച്ച തീര്‍ന്നപ്പോള്‍ മണി രണ്ടായി. എനിക്ക് വേണ്ടി മരിക്കാന്‍ പോലും ഒരു സുഹൃത്‌സംഘം ഉണ്ടായതില്‍ ഞാന്‍ അഭിമാനം കൊണ്ടു. അവരുടെ കുടുംബാങ്ങങള്‍ക്ക് നല്ലത് വരാന്‍ പ്രാര്‍ത്തിച്ചു കിടന്നു.

പുലര്‍ച്ചെ അമ്മ വഴി കിട്ടിയ ഒന്നര ഏക്കര്‍ ചില്വാനം നെല്‍ പാടത്തില്‍ ഞാന്‍ കൃഷി പണിക്കു പോകുന്നതും; എനിക്കുള്ള ഭക്ഷണവുമായി തൂക്കു പാത്രം ആട്ടി വയല്‍ വരമ്പിലൂടെ കള്ളി മുടും ഉടുത്തു നടന്നു വരുന്ന അവളെയും സ്വപ്നം കണ്ടു കിടക്കുകയാണ്. (അല്ലേലും ഞാന്‍ അങ്ങനാണ് പുലര്‍ച്ചെ കാണുന്ന സ്വപ്‌നങ്ങള്‍ ഫലിക്കുമെന്നൊരു വിശ്വാസം ഉള്ളത് കൊണ്ടു രാവിലെ ഉറക്കം ഉണര്‍ന്നു പല്ല് തേപ്പിന് ശേഷം എനിക്കാവശ്യമുള്ള സ്വപ്‌നങ്ങള്‍ കാണാനായി വീണ്ടും കിടക്കാറുണ്ട് - കോളേജ് കാലം മുതല്‍ക്കേ)

ഞായറാഴ്ച വയ്കുന്നേരം അടുത്ത വട്ട ചര്‍ച്ചകള്‍ക്കായി ഞങ്ങള്‍ നാലുപേരും കൂടി അനൂപിന്റ്റെ കാറുമെടുത്തു ഗാന്ധിപുരതെക്കു വിട്ടു. - ഞായറാഴ്ച കൊട്ടാരം വീട്ടുകാര്‍ സ്ത്രീ വിഷയം, പള്ളി തുടങ്ങിയ കാര്യങ്ങളില്‍ ബിസി ആണ്. ഞങ്ങള്‍ അവരെ അന്ന് ശല്യം ചെയ്യാറില്ല.-
പാരിസ്‌ ഹോട്ടെലില്‍ പോയി ഷെവര്‍മയും മിരിണ്ടായും കഴിച്ചു. നേരെ വണ്ടി രയിസ്‌കോര്‍സ് റോഡിലേക്ക്‌ വെച്ച് പിടിച്ചു. വീണ്ടും ചര്‍ച്ചകള്‍ തുടങ്ങി. വാദങ്ങളും പ്രതിവാദങ്ങളുമായി ചര്‍ച്ച കൊഴുത്തു. ഇടയ്ക്കെപ്പോഴോ ചര്‍ച്ചകളെ ഭേദിച്ച് കൊണ്ടു കുമരെശന്റ്റെ ഫോണ്‍ വന്നു തിങ്കളാഴ്ച മുതല്‍ ഞാന്‍ എം.വീ.സിയില്‍ ആണത്രേ അവളുടെ തൊട്ടടുത്ത ഓ.ഡീ.സിയില്‍. ദൈവമേ കാര്യങ്ങള്‍ മൊത്തത്തില്‍ അനുകൂലമാകുവാണല്ലോ?
അടുത്ത ദിവസം രാവിലെ ഞാന്‍ അതിനെ കണ്ടു - എന്റ്റെ തൊട്ടടുത്തെ ബെയില്‍ ആണ് ഇരിക്കുന്നത് - വിനാശകാലെ വിപരീത ബുദ്ധി എന്നാണല്ലോ - കംമുണിക്കെട്ടര്‍ എടുത്തു ചുമ്മാതെ ഒരു ഹായ് അയച്ചു. തിരിച്ചു കിട്ടി ഒന്ന്. പിന്നെ കുറെ എന്തക്കെയോ - രണ്ടു ദിവസത്തെ ചര്‍ച്ചയ്ക്കൊടുവില്‍ എല്ലാവരും കൂടി എന്നെ പറയാന്‍ ഏല്‍പ്പിച്ചത് വള്ളി പുള്ളി കുത്ത് കോമ വിടാതെ അയച്ചു കൊടുത്തു; എന്തിനധികം പറയുന്നു അഞ്ചു മിനിട്ട്ടിനുള്ളില്‍ അവളുടെ കണ്ണില്‍ ഞാന്‍ കോഗ്നീസാന്‍റ്റിലെ ഏറ്റവും വലിയ അലവലാതി ആയി.

ദിനങ്ങള്‍ കൊഴിഞ്ഞു പോയി . ഇന്ന് അവള്‍ ഇവിടെ വന്നിരുന്നു എന്റ്റെ സീറ്റില്‍ - എന്നെ കാണാന്‍. അവളുടെ കല്യാണം വിളിക്കാന്‍. ലോകം എന്നെ നോക്കി വിഡ്ഢി ചിരി ചിരിച്ചു - ഇല്ല ഞാന്‍ കല്യാണമേ കഴിക്കുന്നില്ല പിന്നെ എന്തിനാ ഇതൊക്കെ കേട്ടും കണ്ടും മനസ് വിഷമിക്കുന്നത്? - ഞാന്‍ സ്വയം ആശ്വസിച്ചു - അവതരിപ്പിക്കുന്നതിനു മുന്‍പേ പൊളിഞ്ഞ വണ്‍ സൈഡ് പ്രണയ പരാജയതിന്റ്റെ പാര്‍ട്ടിയും നടത്തി. മൊത്തം ചെലവ് താഴെ കൊടുക്കുന്നു.

വെള്ളി
ശ്രീദേവി ബേക്കറി - 98.00

ശനി
ശ്രീദേവി ബേക്കറി - 147.00; സ്നാക്ക്സ് - 89.00; മിരിണ്ട - 44.00;
കോക്ക്‌ - 44.00

ഞായര്‍
മലബാര്‍ - 456.00; പാരിസ്‌ ഹോട്ടല്‍ -393.00; ചായ - 25.00

ഇന്ന്
പ്രണയ പരാജയ പാര്‍ട്ടി @ മലബാര്‍ - 1255.00

ഇതായിരിക്കും അല്ലെ ശരിക്കും ഒരു നഷ്ട്ട പ്രണയത്തിന്റ്റെ വില???

സമര്‍പ്പണം : നീ നിന്റ്റെ കഥ എഴുതടാ അതാവുമ്പോ ബൈബിളിനെക്കളും വലുതാവും എന്ന് പറഞ്ഞ ടീനയ്ക്ക്.

Friday, May 15, 2009

ദൈവമേ ഹിറ്റ്‌ പതിനായിരം കടന്നു

കുറേപ്പേര്‍ നോക്കുന്നുണ്ട് . . .മെയില്‍ വഴിയും പിംഗ് ചെയ്തും നേരിട്ടും അഭിപ്രായങ്ങളും കിട്ടുന്നുണ്ട്‌
(ബെന്‍സന്‍ തുപ്പിയത് ഉള്‍പ്പടെ)
കഥ എഴുതാതിരിക്കാന് ജ്യൂസ്‌ ആയും മിട്ടായി ആയും‍ കൈക്കൂലിയും ഇടയ്ക്കിടെ ലഭിക്കുന്നുണ്ട്
എല്ലാവര്ക്കും നന്ദി . . .

നീ എഴുതെടാ ഞാന്‍ വായിക്കുന്നു എന്ന് പറഞ്ഞ; സ്വന്തം കഥയെ അതെ സ്പിരിറ്റില്‍ എടുത്ത സനീഷിനോടും തങ്കുനോടും പ്രത്യേകിച്ചും . . .

വാല്‍ക്കഷണം : പന്ത്രണ്ടു ഡോളര്‍ ഇത് വരെ ആയിട്ടുണ്ട്‌ - ആഡ്സെന്‍സ്‌ വക ടൂര്‍ നിധിയിലേക്ക്. ബാച്ചിനെ വിറ്റു കിട്ടിയ പൈസ ആണ് - ഒരു മനസാക്ഷി കുത്ത്. . .

Thursday, May 14, 2009

പത്തൊന്‍പതാമത്തെ അടവ

ഇരു മെയ്യ് ആണെന്നാലും
നമ്മള്‍ ഒറ്റ കരള്‍ അല്ലെ
നീ എന്റെ ജീവനല്ലേ


ഞങ്ങളുടെ മെയിന്‍ഫ്രെയിം ബാച്ച് പൊതുവേ വളരെ ഒരുമയോടും സ്നേഹത്തോടും ഒരൊറ്റ ശക്തി ആയി ആണ് പ്രവര്‍ത്തിചിരുന്നതെങ്കിലും ബാച്ചിനുള്ളില്‍ ഒരേ ഫ്രീക്വന്സി ഉള്ളവരുടെ ഉപ ഗ്രൂപ്പുകളും ഉണ്ടായിരുന്നു. സൈബീരിയന്‍ ഗേള്‍സ്‌, രമ്യ-സോണിയ എന്നിവര്‍ ഉള്‍പ്പെട്ട എറണാകുളം ഗ്രൂപ്പ്‌, ടീന-ഐശ്വര്യ, ശങ്കു-രാജേഷ്‌-പ്രേം എന്നിവര്‍ ഉള്‍പ്പെട്ട ബാക്ക് ബെഞ്ച്‌ അസോസിയേഷന്‍, രസീം-പ്രാഞ്ചി-തങ്കു എന്നിവര്‍ ഉള്‍പ്പെട്ട കോള്‍ ഗയ്സ് എന്നിവ ഇതില്‍ ചിലത് മാത്രം. ഈ ഉപ ഗ്രൂപ്പില്‍ പെട്ടവര്‍ കൂടെയുള്ള മറ്റു ഗ്രൂപ്പ്‌ കാര്‍ക്ക് വേണ്ടി മരിക്കാന്‍ വരെ തയാര്‍ ആയിരുന്നു. ഇതിനു ഉദാഹരണം ആണ് ഞാന്‍ ഇവിടെ ഇവിടെ പറയാന്‍ പോകുന്നത്. സീ വീ രാമന്‍ പിള്ള ഓരോ ചാപ്റ്റര്‍ തുടങ്ങുന്നതിനും മുന്‍പേ അതിലെ സംഭവങ്ങളും ആയി ബന്ധമുള്ള വരികള്‍ എഴുതാറുണ്ട്. അത് പോലെ ഒന്ന് ശ്രമിച്ചതാണ് മുകളില്‍ കാണുന്ന രമണന്‍ കവിതയിലെ വരികള്‍.
രാജേഷ്‌(അഥവാ കട്ട ) ശിവാനന്ദാ കോളനിയില്‍ ആണ് താമസിചിരുന്നതെന്കിലും ഇടക്ക് പെണ്പിള്ളരെ കുറിച്ച് ഗോസ്സിപ്‌ പറയാനും മദ്യ സേവയ്ക്കുമായി സീ.എം.എസില്‍ ശങ്കുവിന്റെയും പ്രേമിന്റെയും ഒക്കെ വീട്ടില്‍ എത്തുമായിരുന്നു. ഈ കഥ നടന്ന ദിവസവും രാജേഷ്‌ അവിടെ എത്തി. നര്‍മ്മ സംഭാഷങ്ങള്‍ക്ക് ശേഷം എല്ലാവരും കൂടി മലബാറില്‍ അത്താഴം കഴിക്കാന്‍ പുറപെട്ടു. അന്ന് കാര്‍ യുഗം തുടങ്ങിയിട്ടില്ല. എല്ലാവരും ബൈക്കുകളിലാണ് യാത്ര. സമയം ഏകദേശം എട്ടു എട്ടര ആയി കാണും.
ശന്കുവും-രാജേഷും ഒരു ബൈക്കില് രാജേഷ്‌ ഓടിക്കുന്നു - കോയമ്പത്തൂരില്‍ നിന്നും ലഭിച്ച ഒരു വ്യാജ ലയ്സന്സ് ഉണ്ടെങ്കിലും ബൈക്കില്‍ കേറിയാല്‍ ശരീരതിന്റ്റെ അങ്ങിങ്ങു ഒരു പിരിമുറുക്കം അനുഭവപ്പെടുകയും,അമ്മയെ ഉടന്‍ തന്നെ കാണണമെന്ന് ഒരു ഉള്‍വിളി ഉണ്ടാവുകയും ചെയ്യുന്നതിനാല്‍ ശങ്കു അങ്ങനെ വണ്ടി ഓടിക്കാറില്ല; ആരീലും ചോദിച്ചാല്‍ യന്ത്രം നമുക്ക് വഴങ്ങില്ല എംടി യെ പ്പോലെ എന്നൊരു മറുപടി പറേം ചെയ്യും.
എല്ലാവര്ക്കും അറിയാമല്ലോ , രാജേഷ്‌ ഒരു കരാട്ടെ ബ്ലാക്ക്‌ബെല്‍റ്റ്‌ ബിരുദധാരി ആണ്. പണ്ട് തന്റെ മെയ്യ് വഴക്കവും അഭ്യാസ മുറകളും കാണിച്ചു രാജേഷ്‌ ഊട്ടി ബൊട്ടനികല് ഗാര്ടെനില്‍ ഉണ്ടായിരുന്നവരെ അമ്പരപിച്ചത് ഓര്‍ക്കുക. ധന്വന്തരം കുഴമ്പ് കിട്ടാത്തതിനാല്‍ അന്ന് രാത്രി കട്ടയുടെ മേലാസകലം പ്രേമന്‍ വാങ്ങിക്കോണ്ടുവന്ന ചിക്കന്‍ പൊരിച്ച എണ്ണയിട്ടു ഉഴിഞ്ഞതും ഓര്‍ക്കാവുന്നതാണ്‌.
ബൈക്ക് മലബാറില്‍ നിന്ന് 100 ഫീറ്റ് റോഡില്‍ എത്തി. അവിടെ വെച്ച് ഇവരുടെ ബൈക്കും ഒരു മാരുതി ആള്ടോ കാറും തമ്മില്‍ ഒരു ചെറിയ മത്സരം ഉണ്ടായ് - വടക്കന്‍ വീരഗാധയിലെപ്പോലെ ഒരു മൂപ്പിളമ തര്‍ക്കം. അതില്‍ രാജേഷ്‌ തന്നെ വിജയിച്ചു. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാര്‍കാരെ പുച്ഛത്തോടെ നോക്കി കൊണ്ട് രാജേഷ്‌ പറഞ്ഞു 'പാലേല്‍ തോറ്റിട്ടില്ല പിന്നാ ഇവിടെ’ പിന്നെ പതിവുപോലെ നാക്ക് കടിച്ചു പല്ല് മുപ്പത്തിരണ്ട് കാട്ടി കുറുക്കന്‍ ഓരിയിടുന്ന ശബ്ദവും കേള്‍പ്പിച്ചു.
നമുക്ക് ഇവന്‍മാര്‍ക്ക് ഒരു പണി കൊടുക്കാം, സൈഡ് കൊടുക്കണ്ട. ഇതൊക്കെ ഒരു രസമല്ലേ' ശങ്കര്‍ ഒന്നും മിണ്ടിഇല്ല. ഒരു പത്തു കിലോമീറ്റെര്‍ സ്പീഡില്‍ ബ്യ്ക് ഓടിച്ചു കൊണ്ട് റോഡിലൂടെ ആ കാറിന്റ്റെ മുന്‍പില്‍ രാജേഷ്‌ എട്ടു എടുത്തു കാണിക്കാന്‍ തുടങ്ങി . കാര്‍ പിറകില്‍ കിടന്നു ഹോണ്‍ അടി തുടങ്ങി. രാജേഷ്‌ തന്റെ ബ്ലാക്ക്‌ ബെല്‍റ്റ്‌ തടവി കൊണ്ട് പറഞ്ഞു 'പാലേല്‍ സൈഡ് കൊടുക്കുല പിന്നാ ഇവിടെ '. എന്നാല്‍ കാര്‍ തുരു തുരാ ഹോണ്‍ അടിച്ചു കൊണ്ട് മുന്നില്‍ കയറാന്‍ ശ്രമിക്കുന്നുണ്ട്, പിന്നിലിരിക്കുന്ന ശന്കുവിനു ഒരു ഉള്‍ഭയം ഉടലെടുത്തു, സൈഡ് കൊടുത്തു കൂടെ എന്ന് രാജേഷിനോട് മടിച്ചു മടിച്ചു ചോദിച്ചു. 'പിന്നെ പാലേല്‍.....' ശങ്കു വാ അടച്ചു.
എന്നാല്‍ പഴയ 95 മോഡല്‍ ഹീറോ ഹോണ്ടയ്ക്ക് ആള്‍ട്ടോ യിക്ക് മുന്നില്‍ അധികം പിടിച്ചു നില്ക്കാന്‍ സാധിച്ചില്ല. സിനിമയില്‍ കാണുന്നത് പോലെ കാര്‍ ഇവര്‍ക്ക് മുന്നില്‍ കേറി വഴി തടഞ്ഞു. നാല് തടിയന്‍മാര്‍ കാറില്‍ നിന്ന് ചാടി ഇറങ്ങി. ഉള്ളിലെ പേടി പുറത്തു കാണിക്കാതെ കട്ട രാജേഷ്‌ ശന്കുനെ തിരിഞു നോക്കിക്കൊണ്ട് പറഞ്ഞു 'ഇവന്മാര് ....'. കട്ട ഞെട്ടി . ബൈകിനു പുറകില്‍ ശങ്കു ഇല്ല. അവന്‍ അതാ സൈഡിലെ തട്ട് കടയില്‍ നിന്ന് ഉഴുന്ന് വടയും ചായയും കഴിക്കുന്നു. തടിയന്മാര്‍ ബൈകിനു നേരെ നടന്നു അടുക്കുക ആണ്.
"ഒരു ചായ ചൂട് കമ്മി". ചായ ഓര്‍ഡര്‍ ചെയ്തു കൊണ്ട് ശങ്കു ഒളികണ്ണിട്ടു കട്ടയെ നോക്കി. തടിയന്മാര്‍ ബൈകിനു അടുത്തെത്തി. ശങ്കു പേടിച്ചു കണ്ണുകള്‍ അടച്ചു. കട്ടയും തടിയന്മാരും ഏതൊക്കെയോ തര്‍ക്കിക്കുന്നു. പെട്ടെന്ന് ഒരു തടിയന്‍ രാജേഷ്‌ കൈ വീശി അടിച്ചു. രാജേഷ്‌ ഒഴിഞ്ഞു മാറി. അതെ നിമിഷം തന്നെ രാജേഷിന്റെ ഉരുക്ക് മുഷ്ടി ആ തടിയന്റെ മുഖത്ത് പതിഞ്ഞു. ഇരുമ്പ് വടി കൊണ്ട് അടി കൊണ്ടത് പോലെ അയാള്‍ പുറകോട്ടു മറിഞ്ഞു. കട്ട ബൈക്കില്‍ നിന്ന് സ്റ്റൈലില്‍ ചാടി തറയില്‍ ഇറങ്ങി. മറ്റു തടിയമാര്‍ പേടിച്ചു നില്‍ക്കുക ആണ്. കട്ട ഒരു സ്റ്റെപ്പ് മുന്നോട്ടു വച്ച്, തടിയമാര്‍ 2 സ്റ്റെപ്പ് പുറകോട്ടു. കാറ്റു വീശുന്നു പൊടി പറക്കുന്നു .....വിജയ്‌ സ്റ്റൈലില്‍ കട്ട നില്‍ക്കുക ആണ്.

സാര്‍ ചായ റെഡി. ശങ്കു ഞെട്ടി കണ്ണ് തുറന്നു. പുല്ലു ഈ ദിവ സ്വപ്നം കാണുന്ന പരിപാടി ഡോക്ടറെ കണ്ടിട്ടയാലും മാറ്റണം. ശങ്കു ചായ വാങ്ങി.
അല്ല രാജേഷ്‌ എവിടെ. ശങ്കു റോഡിലോട്ടു നോക്കി. കട്ടയെ കാണാനില്ല. തടിയന്മാര്‍ തറയിലേക്കു നോക്കി നില്‍ക്കുന്നു. ഇവന്‍ ഇത് ഇവിടെപ്പോയി?. തടിയന്‍മാര്‍ തറയിലേക്കു നോക്കി എന്തോ പറയുന്നുണ്ട്. ശങ്കു സൂക്ഷിച്ചു നോക്കി , കട്ട തറയില്‍ കമഴ്ന്നു കിടന്നു എന്തോ അഭ്യാസം കാണിക്കുകയാണ്. ഒരു തടിയന്റെ കാല്‍ തന്റെ കൈകള്‍ കൊണ്ട് കട്ട കത്രികപൂട്ടില്‍ ആക്കി വെച്ചിരിക്കുന്നു. ഇവന്‍ ഒരു ഭയങ്കരന്‍ തന്നെ. ശങ്കു മനസ്സില്‍ പറഞ്ഞു. ഒരു അഞ്ചു മിനിട്ടോളം ആ അവസ്ഥ തുടര്‍ന്നു. തടിയന്മാര്‍ വര്‍ത്തമാനം നിര്‍ത്തി കാറില്‍ കേറിപ്പോയി.
കട്ട ഉടുപ്പിലെ പൊടി തട്ടികൊണ്ട്‌ എഴുന്നേറ്റു. ശങ്കു നടന്നു കട്ടക്ക് അരികിലെത്തി.
ശങ്കു: "നിനക്ക് ചായ വേണോ?. ഞാന്‍ ഒരെണ്ണം കുടിച്ചു കൊള്ളാം."
"വേണ്ട" പല്ല് ഞെരിച്ചു കൊണ്ട് രാജേഷ്‌ പറഞ്ഞു.
ശങ്കു : 'ഡേയ് ഞാന്‍ കാശു കൊടുത്തോളം. നമുക്ക് സ്നേഹം അല്ലെ വലുത്. "
രാജേഷ്‌: പിന്നെ അതാ വലുത്. നീ കൊടുക്കും എന്ന് എനിക്ക് മനസിലായ്‌.

വാല്‍ കഷണം: അവര്‍ ബൈക്കില്‍ കേറി സീ എം യെസിലെക്കുള്ള യാത്ര തുടര്‍ന്നു. എന്തോ സൈകിളിനും കാളവണ്ടിക്കും വരെ കട്ട സൈഡ് കൊടുക്കുന്നുണ്ടായിരുന്നു.
ജി.പീയില്‍ വിജയകാന്ത്‌ കക്ഷിക്കാര്‍ വെച്ചിട്ടുള്ള വലിയ ഫ്ലെക്സില്‍ തൊഴുതു നില്‍ക്കുന്ന തടിയന്റെ മുഖം കട്ടക്കോ ശങ്കര്‍ഇനോ മനസിലായില്ല. ഒരു പക്ഷെ കാലിന്റെ ഫോട്ടോ ആണെങ്കില്‍ കട്ടക്ക് മനസിലായെനെ.

Monday, May 11, 2009

തൃശൂര്‍ പൂരം ബൈ സനീഷ്‌ രാമന്‍കുട്ടി അഥവാ അക്കാദമി ഡെയ്സ് 2

അകാടെമിയില്‍ അത് ഞങ്ങള്‍ക്ക് രണ്ടാമത്തെ ദിവസം, ജാസ്മിന്‍ എന്നൊരു ഇനസ്‌ട്രക്റ്റര്‍ സോഫ്റ്റ്‌ സ്കില്‍ ട്രെയിനിംഗ് നടത്തുകയാണ്‌ - സ്കില്ലേ ഇല്ലാത്ത ഞങ്ങള്‍ (ഞാന്‍, ശങ്കു, പ്രാഞ്ചി) കയ്യിലുള്ള സാധനം 'സോഫ്റ്റ്‌ ആയാലെന്താ ഹാര്‍ഡ്‌ ആയാലെന്താ' എന്ന മട്ടില്‍ ഇരിക്കുന്നു.
ആദ്യമായി ഒരു വിഡിയോ ഞങ്ങളെ കാണിച്ചു 'ഐ ഹാവ് എ ഡ്രീം സ്പീച്ച്' ആണ് സാധനം. അതിനെ തുടര്‍ന്ന് ആയമ്മ പ്രൊനൌന്‍സേഷനെ കുറിച്ച് പറയാന്‍ തുടങ്ങി - ഓരോരുത്തരെ ആയി മുന്‍പില്‍ വിളിപ്പിച്ചു അവര്‍ സ്വന്തമായി റിസര്‍ച്ച് ചെയ്തു കണ്ടു പിടിച്ച വാക്കുകള്‍ ബോര്‍ഡില്‍ എഴുതി ഇട്ടു വായിപ്പിക്കുകയാണ്.ഞാന്‍ നോക്കുമ്പോള്‍ എന്റെ ഊഴം ഇപ്പൊ വരുമെന്ന് പറഞ്ഞു പ്രാഞ്ചി ആകെ ടെന്‍ഷനില്‍ ഇരിക്കുന്നു. സത്യം പറയാലോ എനിക്ക് യാതൊരു പേടിയും തോന്നിയില്ല - ഇംഗ്ലീഷ് നേരെ ചൊവ്വെ പറയാന്‍ അറിഞ്ഞൂടാത്ത ഞാനെന്തിനു പ്രൊനൌന്‍സേഷനെ പേടിക്കണം ഹല്ല പിന്നെ !!!
ഒടുവില്‍ എന്റെ ഊഴം എത്തി ഞാന്‍ വായിക്കേണ്ട ഐറ്റം ഇതാണ്
bet, let, set, weather, whether, when, leisure,'
ഞാന്‍ തുടങ്ങി ബെറ്റ്, ലെറ്റ്, സെറ്റ്, വെതര്‍ വെതര്‍ . . . - ഞാന്‍ നോക്കുമ്പോള്‍ മൂപ്പത്തിയാര്‍ തലയില്‍ കയ്യും വെച്ചിരിക്കുകയാണ് തുടര്‍ന്ന് ഒരു ദീര്‍ഖ നിശ്വാസം എന്നിട്ട് മുന്‍പ് ബോര്‍ഡില്‍ എഴുതി ഇട്ടതു വായിച്ചു കയ്യടി നേടിയ പ്രിയ ഫ്രാന്‍സിസിനെ വിളിപ്പിച്ചു ഇതൊന്നു വായിക്കാന്‍ പറഞ്ഞു അത് ഏതാണ്ട് ഇപ്രകാരം വായിച്ചു ബെറ്റ്, ലെറ്റ്, സെറ്റ്, വെതര്‍ വെതര്‍ . . . -നിങ്ങള്ക്ക് എന്തെങ്കിലും വ്യത്യാസം തോന്നിയോ ? ഇല്ലല്ലോ ? എനിക്കും തോന്നിയില്ല പക്ഷെ അവര്‍ എന്നെ നോക്കി നില്‍ക്കുകയാണ്‌ തുടര്‍ന്ന് ഒരു ചോദ്യവും - നവ് യു ഗെറ്റ് ദി ഡിഫെരെന്‍സ് റൈറ്റ്? - എന്ത് വ്യതാസം? എന്ത് ഡിഫെരെന്‍സ്? എന്തായാലും ഇവന്‍ നന്നാവില്ല എന്നവര്‍ക്ക് മനസിലായി - എന്നോട് പോയി ഇരുന്നോളാന്‍ ആഗ്യം കാണിച്ചു. അന്നത്തെ ക്ലാസിനു ശേഷം എല്ലാവര്ക്കും പിറ്റെന്നതെക്കുള്ള പണിയും തന്നു - നാളെ വരുമ്പോള്‍ ഏതെങ്കിലും ഒരു ടോപിക്കിനെ കുറിച്ച് പറയണം –

അന്ന് രാത്രി കുളിയൊക്കെ കഴിഞ്ഞു നമ്മുടെ സഹമുറിയന്‍ പ്രാഞ്ചി ഒരു പുതിയ ബുക്കും പേനയുമായി എന്റെ കട്ടിലിനടുത്ത്‌ വന്നിരുന്നു - ഞാനാണേല്‍ ഇസ്തിരി ഇടുന്ന തിരക്കിലാണ് - 'ഡാ നീ നാളെ പറയാനുള്ളത് എഴുതിയാ?' അവന്‍ ചോദിച്ചു. 'ഹോ ഇല്ലെടാ നാളെ രാവിലെ പോയി എന്തെങ്കിലും പറയാംന്നെ' ഞാന്‍ അവനെ സമാധാനിപ്പിച്ചു - ഒന്നും പറയാന്‍ അറിയില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ -' അങ്ങനെയാണേല്‍ എനിക്ക് രണ്ടു സെന്‍ടന്‍സ് പറഞ്ഞു താടാ. നീ പറയാന്‍ പോകുന്നതില്‍ നിന്നും ഒഴിവാക്കിയത് മതി' അവന്‍ മടിച്ചു മടിച്ചു കാര്യം അവതരിപ്പിച്ചു- പ്രിയപ്പെട്ടവരേ ഇംഗ്ലീഷില്‍ എഴുതാന്‍ ജീവിതത്തില്‍ എന്നോട് സഹായം ചോദിക്കുന്ന ആദ്യ വ്യക്തി എന്ന ബഹുമതി അവന്‍ സ്വന്തമാക്കുകയായിരുന്നു !!!

പിറ്റേദിവസം പുലര്‍ന്നു - ഞാനും പ്രന്ചിയും ബെസിലും ക്യാബില്‍ കയറി തുടര്‍ന്ന് ആ ക്യാബില്‍ കയറുന്ന ഓരോരുത്തരും അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കുന്നത് അത് തന്നെ 'എഴുതിയാ ?'
എന്തായാലും എനിക്കും പ്രാന്ചിക്കും ഒരു കൂട്ട് കിട്ടി - സനീഷ്‌ രാമന്‍കുട്ടി - അവനും എഴുതിയിട്ടില്ലത്രേ - ഹാവൂ സമാധാനം അപ്പോള്‍ ഈ പ്രശ്നത്തില്‍ ഞങ്ങള്‍ തനിച്ചല്ല -
ക്ലാസ്സില്‍ ജാസ്മിന്‍ വന്നു - ആദ്യം എത്തിയത് പൂജ ആണ് - പുള്ളിക്കാരത്തി കാള്‍ സെന്ററില്‍ വര്‍ക്ക്‌ ചെയ്ത കഥ നല്ല സ്ടയിലന്‍ ഇംഗ്ലീഷില്‍ അടിച്ചു (തെറ്റു ധരിക്കരുത് കേട്ടോ എനിക്ക് മനസിലാകാത്ത ഇംഗ്ലീഷ് ആണ് സ്ടയിലന്‍‍ ഇംഗ്ലീഷ്) തുടര്‍ന്ന് വരുണ്‍ തനിക്കു ഒരു കൊച്ചിനെ കളഞ്ഞു കിട്ടിയ സംഭവം സ്വപ്നമായി അവതരിപ്പിച്ചു വീണ്ടും കയ്യടി നേടി -എന്റേം പ്രാന്ചിയുടെയും ടെന്‍ഷന്‍ കൂടുകയാണ്. കയ്യില്‍ ഒരു ബ്ലാങ്ക് പേപ്പര്‍ കൂടി ഇല്ല പിന്നെന്തു വായിക്കാന്‍ - ആശ സുല്‍ത്താന്‍ എത്തി യോഗയുടെ ഗുണങ്ങള്‍ പറഞ്ഞു യോഗ ഉപയോഗിച്ച് മനസിനെ പിടിച്ച പിടിയില്‍ നിര്‍ത്താമെന്ന്. സത്യം പറയാല്ലോ നേരെ പോയി അപ്പൊ തന്നെ ആ അമ്മെടടുതുന്നു യോഗ പഠിച്ചാലോ എന്ന് വരെ വിചാരിച്ചു - മനസിനെ പിടിച്ചു നിര്‍ത്താലോ !!! - ഞങ്ങള്‍ ഒരു കാര്യം അപ്പോഴാണ്‌ ശ്രദ്ധിച്ചത് - സനീഷിനു ടെന്‍ഷനെ ഇല്ല - ചിലപ്പോ അവനു യോഗ അറിയാമായിരിക്കും ഞാനും പ്രാഞ്ചിയും പരസ്പരം നോക്കി - അടുത്തതായി എത്തിയത് രന്ജുവാണു - അച്ഛന്‍ പറഞ്ഞത് കേള്‍ക്കാതെ രാവിലെ മൂന്നര വരെ കിടന്നു ഉറങ്ങുമായിരുന്നതിനാല്‍ പ്രേഡിഗ്രിക്ക് മാര്‍ക്ക് തൊണ്ണൂറു ശതമാനമായ്പ്പോയെന്നും തുടര്‍ന്ന് തെറ്റ് തിരുത്തി ഡിഗ്രിക്കും പീജീക്കും തൊണ്ണൂറ്റി ഒന്‍പതു ശതമാനം മാര്‍ക്ക് കിട്ടിയെന്നുമുള്ള കണീരിന്റ്റെ നനവുള്ള കഥ പറഞ്ഞു - ദൈവമേ തൊണ്ണൂറു ശതമാനം! ഞാന്‍ നോക്കുമ്പോ രമ്യ പുശ്ച്ചം കലര്‍ത്തി അതിനെ ഒരു നോട്ടം - ചിലപ്പോ രമ്യക്ക് നൂറു ശതമാനം ഉണ്ടായിരിക്കും - ഞാന്‍ ഇവിടെങ്ങന്നെ വന്നു പെട്ടു?
അടുത്തതായി നമ്മടെ ഈ കഥയിലെ നായകനെ വിളിച്ചു - മിസ്റ്റര്‍ സനിഷ്‌ രാമന്‍കുട്ടി. ഞാനും പ്രാഞ്ചിയും നോക്കുമ്പോ അവന്‍ പോക്കെറ്റില്‍ നിന്നും ഒരു പേപ്പര്‍ വലിച്ചെടുത്തു മുന്‍പിലേക്ക് നടക്കുന്നു - വന്ജകന്‍ അപ്പൊ അവന്‍ എഴുതി കൊണ്ട് വന്നിട്ടാണ് ഈ കളി കളിച്ചത്. അവന്‍ അവിടെ പറഞ്ഞത് മുഴുവനായി ഞാന്‍ താഴെ ചേര്‍ക്കുന്നു

'ടുഡേ ഐ അം ഗോയിംഗ് ടോ എക്സ്പ്ലൈന്‍ തൃശൂര്‍ പൂരംതൃശൂര്‍ പൂരം ഈസ്‌ കാള്‍ട് പൂരം ഓഫ് ആള്‍ പൂരംസ്‌. ആന്‍ഡ്‌ ഈസ്‌ ഓണ്‍ മേടം.ഓണ്‍ പൂരം ഡേ, ഫിഫ്ടി എലെഫന്റ്സ്‌ വില്‍ സ്റ്റാന്റ് ഇന്‍ ഫ്രന്റ്‌ ഓഫ് പാറമേക്കാവ് ആന്‍ഡ്‌ തിരുവമ്പാടി. ഓള്‍ എലെഫന്റ്സ്‌ വില്‍ ഹാവ് നെറ്റിപ്പട്ടം ആലവട്ടം വെഞ്ചാമരം ആന്‍ഡ്‌ കൊട - കൊട മീന്‍സ്‌ അമ്ബ്രല്ല - ബോത്ത്‌ സൈഡ് വില്‍ ആള്‍സോ ഹാവ് പഞ്ചവാദ്യം. ദെന്‍ വി കാന്‍ സീ കൊടമാറ്റം. ദേ വില്‍ ചേഞ്ച്‌ അമ്ബ്രെല്ലാസ് - ആന്‍ഡ്‌ ഫിനല്ലി വി കാന്‍ സീ വെടിക്കെട്ട്. ഓള്‍ ദീസ്‌ ആര്‍ കോമ്പട്ടീഷന്‍ ഐറ്റംസ് ബിട്വീന്‍ പാറമേക്കാവ് ആന്‍ഡ്‌ തിരുവമ്പാടി.'

-ഇവന്‍ അങ്ങനെ തുടരുന്നതിനിടയില്‍ പതുക്കെ എന്നോട് പ്രാഞ്ചി ചോദിച്ചു - അപ്പൊ മലയാളത്തില്‍ വേണേലും പറയാം ല്ലേ ?

കുറിപ്പ് : കുറച്ചു വലുതായി പോയി . സഹകരണം പ്രതീഷിക്കുന്നു.