Monday, October 19, 2009

ഒരു ചീട്ടുകളിയുടെ ഓര്മയ്ക്ക് !

സംഭവം തുടങ്ങുന്നത് ട്രെയിനില് ഇരുന്നുള്ള ചീട്ടു കളിക്കിടയിലാണ്. ഗോവയില് നിന്നും ഞങ്ങള് തിരിച്ചു വന്നത് തേര്ഡ് എ. സി. യിലായിരുന്നു. തൊടുപുഴയില് നിന്നും ആദ്യമായി ട്രെയിനില് കേറിയ ബഹുമതിയുള്ള പ്രാഞ്ചി ചീട്ടു നിരത്തുന്ന തിരക്കിലാണ് (ആദ്യമായി തൊടുപുഴയില് ജീന്സ് ഇട്ടു ചെന്നതും,; കമ്പ്യൂട്ടര് കീ ബോര്ഡില് ഞെക്കിയതും ഇദേദഹമത്രേ). ഏതോ ദുരിദാശ്വാസ ക്യാമ്പിലേക്ക് പോകുന്ന പിള്ളേരായിരിക്കും എന്ന ലൈനിലാണ് ട്രെയിനില് ഉള്ള സഹയാത്രികരുടെ നോട്ടം. ആകെപ്പാടെ ഒരു മിനി ചന്ത.
ചീട്ടുകളിയില് സ്വയം പര്യാപ്തത നേടിയിട്ടില്ലാത്ത രയീസും ഉമ്മനും കൂടി ഉലാത്തുകയാണ് (കണ്ട സ്റ്റേഷനുകളില് ഇറങ്ങി ഫോട്ടോ എടുപ്പ്, വില്പ്പനക്കാര് കൊണ്ടുപോകുന്ന ചക്ക, പുളി തുടങ്ങി ഉണക്ക മീന് വരെ വാങ്ങിച്ചു തീറ്റ ഇങ്ങനെ പോകുന്നു). എന്തായാലും ഇവര്ക്കൊരു കമ്പനി കിട്ടി - നമ്മള്ക്കിയാളെ തല്ക്കാലം 'നായരെന്നു' വിളിക്കാം.
നായര് മിലിട്ടറിയില് കുക്ക് ആയിരുന്നു ഇപ്പൊ പൂനയില് ഏതോ കൂട്ടുകാരന്റ്റെ മകളുടെ കല്യാണം കൂടിയിട്ടു വരുകയാണ്. അന്ന് ഹെഡ് കുക്ക് ആയിരുന്ന പൊതുവാളും കൂടെയുണ്ട്. വെള്ള ഷര്ട്ടും ഡബിളും ആണ് വേഷം. മിലിട്ടറി ബൂട്ടാണ് രണ്ടുപേരും ധരിച്ചിരിക്കുന്നത്. കണ്ടാല് ഇരട്ടകളെന്നെ തോന്നൂ.
ഞങ്ങള് ഇവരെ ശ്രദ്ധിക്കാന് ഒരു കാരണം കൂടി ഉണ്ട് കൂടെ കൂടെ ഇവര് രണ്ടു പേരും പാന്ട്രിയിലേക്ക് പോകും. എല്ലാവരും തിരിച്ചു വരുമ്പോഴാണല്ലോ പൊതിയും കൊണ്ട് വരുന്നത് - എന്നാല് ഇവര് പോകുമ്പോള് പൊതിയുമായി പോകും - വരുന്നത് വെറും കയ്യോടെയും! ആകെ മൊത്തം എന്തോ ഒരു പന്തികേട്.
ഒടുവില് തങ്കു ആ രഹസ്യതിന്റ്റെ ചുരുളഴിച്ചു. അമ്മാവന്മാര് പോകുന്നത് സോമരസ പാനത്തിനാണ് - പച്ച മലയാളത്തില് മദ്യസേവ. കയ്യിലിരിക്കുന്ന മിലിട്ടറി കൊണ്ട് പാന്ട്രിയില് പോകുന്നു. എല്ലാവരും ചേര്ന്ന് അടിക്കുന്നു; വരുന്നു. ഇതിങ്ങനെ ആവര്ത്തിക്കുന്നു.
ഇതുകണ്ട തങ്കുവും ഇവരും പെട്ടെന്ന് കൂട്ടായി. തിരിച്ചു വരുന്ന വഴി ഉമ്മനെയും രയീസിനെയും ഇവര്ക്ക് പരിചയപ്പെടുത്തി കൊടുത്തു. തുടര്ന്നുള്ള ഓരോ പോക്കിലും ഇവര് തങ്കുവിനെയും കൊണ്ട് പോകാന് തുടങ്ങി. ആകെ എല്ലാവരും ഹാപ്പി.
പിന്നീടങ്ങോട്ട് അവര് പോകാന് വരുമ്പോള് തന്കുവിന്റ്റെ മുഖത്ത് ഒരു പ്രത്യേക നാണം കലര്ന്ന ചിരി വരും (എനിക്കിവനെ കാണുമ്പോള് ചിങ്ങനെയാ ഓര്മ്മ വരുന്നേ - ചിങ്ങന് എന്റ്റെ അമ്മയുടെ പ്രിയപ്പെട്ട പൂച്ചയാണ്. അച്ഛന് ചിലദിവസങ്ങളില് രാവിലെ പോയി പുഴമീന് വാങ്ങി കൊണ്ട്വരാറുണ്ട് - ഞങ്ങളുടെ നാട്ടില് വാങ്ങിയ ജീവനുള്ള മീനെ ഒരു പ്രത്യേക രീതിയില് ഈര്ക്കിലില് കൊരുത്തു തരും - കൊണ്ട്വരാന് ഉള്ള സൌകര്യത്തിനു - പാവങ്ങള് ജീവന്വേണ്ടി പിടച്ചു കൊണ്ടിരിക്കും. ഇതും കൊണ്ട് വരുന്ന അച്ഛനെ കാണുമ്പോള് ആ പൂച്ച ഒരു ചിരി ചിരിക്കും - അതെ ചിരിയാണ് നമ്മുടെ തന്കൂന്).
എന്തിനേറെ പറയുന്നു - ഇവര് അഞ്ചു പേരും - അതായതു രയീസ്, ഉമ്മന്, തങ്കു പിന്നെ അവര് രണ്ടും ഇണ പിരിയാത്ത സുഹ്ര്ത്തു ക്കളായി. ഉള്ള ബഹളത്തിനു പുറമേ ഇവരുടെ വിശേഷങ്ങള് വിളമ്പലും കൂടി ആയപ്പോള് ആകെ പൊടി പൂരം!
അടുത്തുള്ള സീറ്റ് രണ്ടെണ്ണം ഒഴിഞ്ഞു കിടക്കുന്ന കണ്ട തങ്കു അവരെ അങ്ങോട്ട് ക്ഷണിച്ചു. അവര്ക്കും സന്തോഷം - പ്രിയ സുഹൃത്തിനെ കണി കണ്ടു ഉറക്കമെണീക്കാലോ. ഉറങ്ങുന്നതിനു മുന്പ് ഒരു ഡിമാണ്ട് വെച്ചു. വണ്ടി ഷൊര്ണൂര് എത്തുന്നത് മൂന്നു മണിക്കാണ്- അതിനാല് ഒരാള് എണീറ്റ് വിളിക്കണം. ലഡാക്കില് യുദ്ധ സമയത്ത് എണീറ്റ പരിചയമുള്ള മിസ്റ്റര് നായര് ആ ഉത്തരവാദിത്തം ഏറ്റെടുത്തു. എന്നാല് ഒരു ഉറപ്പിനു സ്റ്റാലിന് സരള് അലാറം വെച്ചു.
ട്രെയിനില് എല്ലാവരും ഉറക്കം തുടങ്ങി. വണ്ടി കാസര്കോട് എത്തിക്കാണും. ഒരു മധ്യവയസ്കന് കേറി.. തന്റ്റെ സീറ്റില് കിടന്നുറങ്ങുന്ന നായരെ വിളിച്ചുണര്ത്താന് ആവതും ശ്രമിക്കുന്നു. ആ പാവതിന്റ്റെ വിളി കേട്ട് ട്രെയിനില് ഉള്ളവര് മുഴുവന് എണീറ്റു. നായര്ക്കു യാതൊരു കൂസലും ഇല്ല.
ഒടുവില് പാതി കണ്ണ് തുറന്നു "എന്താണ് കീടമേ നിനക്കെന്റ്റെ കൊട്ടാരത്തില് കാര്യം എന്ന് ചോദിക്കുന്ന അക്ബര് ചക്രവര്ത്തിയെ പോലെ നായര് ആ സാധുവിനെ നോക്കി" . അയാള് പതിയെ പറഞ്ഞു "സാര് ഇറ്റ്സ് മൈ ബര്ത്ത്" . ഓ ഓക്കേ സോറി എന്ന് പറഞ്ഞു എണീറ്റു മാറുമെന്നു കരുതിയ ആ സാധുവിന് തെറ്റി.
ഈസ് ഇന്ത്യന് റെയില്വേ ഈസ് യുവര് ഫാതെര്സ് പ്രോപെര്ട്ടി? യു ബ്ലെടി @#&^$(.
തുടര്ന്ന് ഉറക്കമെണീറ്റ പൊതുവാള് കാര്യം ഏറ്റെടുത്തു. പ്രിയ വായനക്കാരെ - കൊടുങ്ങല്ലൂര് അമ്മ ഓടി ഒളിക്കുന്ന ഭരണിപാട്ടായിരുന്നു പിന്നെ.
എന്തായാലും ടി. ടി. ഇ. വന്നു ആ സാധുവിന് വേറെ ഒരു സീറ്റ് എഴുതി കൊടുത്തു. പാവം തങ്കു ഉള്ളില് ദൈവത്തെ പോലെ പ്രതിഷ്ടടിച്ച ആള്ക്കാരുടെ പ്രകടനം കണ്ടു തകര്ന്നു നില്ക്കുകയാണ്. വീണ്ടും എല്ലാവരും ഉറക്കം തുടങ്ങി. വണ്ടി ഷോര്ണൂര് എത്തി. സരള് അല്ലരം വെച്ചെണീറ്റു. ഞങ്ങള് എല്ലാവരും ഇറങ്ങാന് തയ്യാറായി. എന്നാല് നമ്മുടെ നായകന്മാര് രണ്ടും ഉറക്കമാണ്. അവരെ വിളിച്ചെണീപ്പിക്കാന് ആര്ക്കും ധൈര്യമില്ല. ബാക്കി തെറി രാവിലെ കേള്ക്കണ്ടല്ലോ !
ഞങ്ങള് എല്ലാവരും ഇറങ്ങി. അടുത്ത ട്രെയിനിനായി കാത്തിരിപ്പ് തുടങ്ങി. അതാ ഞങ്ങള് വന്ന ട്രെയിന് സിഗ്നല് കിട്ടുന്നു. അവര് ഇറങ്ങീട്ടില്ല. എന്തായാലും ശല്യം ഒഴിവായല്ലോ എന്ന മട്ടില് ഞാന് അവിടിരുന്നു ചൂട് കാപ്പി കുടിക്കുകയാണ്. ഒപ്പം രയീസും തന്കൂം ഇരുപ്പുണ്ട്. ട്രെയിന് നീങ്ങി തുടങ്ങി. ഞാന് അപ്പോഴാനത് ശ്രദ്ധിച്ചത് അതാ ഒരു പെട്ടി തെറിച്ചു വീഴുന്നു. പാവം ആരുടെയോ ആണ്. അതാ ഒരു പെട്ടി കൂടി വീണു. ഞാന് ഞെട്ടി നില്ക്കുകയാണ്. ട്രെയിനിനു വേഗം കൂടുന്നു. നോക്കുമ്പോള് പൊതുവാള് ഒരു ചാട്ടം. കൂടെ ഉടുമുണ്ട് അഴിച്ചു തലയില് കെട്ടിയ കോലത്തില് നായരും ചാടിവീണു.
പിന്നീടൊരു അലര്ച്ചയാണ് ഞാന് കേട്ടത് - ഹേ അവരുടെ അല്ല നമ്മുടെ രയീസിന്റ്റെ "ഉമ്മച്ചിയേ അവന്മാര് ചാടീടാ. ഓടിക്കോ !" കയ്യിലിരുന്ന കാപ്പി കപ്പു വലിച്ചെറിഞ്ഞിട്ട് അവന്മാര് ഒരോട്ടം! ഞാന് മാത്രം അവിടെ. നായകന്മാര് പെട്ടിയും എടുത്തു റെയില്വേയെ ചീത്തയും വിളിച്ചു നടന്നു വരുകയാണ്. എന്നെ കണ്ടിട്ട് ഒരു നോട്ടം
എന്നിട്ട് ഉള്ളിലുള്ള വോഡ്കയുടെ കയ്പ്പ് തികട്ടി പാളത്തിലെക്കൊരു തുപ്പും!

No comments:

Post a Comment