Wednesday, November 11, 2009

മുന്നാര്‍ വിളിച്ചപ്പോള്‍

പണ്ട് മുതലേ യാത്ര എന്നത് എനിക്ക് രസം തന്നെ ആയിരുന്നു - മൂന്നാര്‍ എന്ന് കേട്ടപ്പോള്‍ ചാടി വീണതും അതുകൊണ്ട് തന്നെ! പ്രൊജെക്ട്ടില്‍ പണി ഇല്ലതവന്മാര്‍ ചേര്‍ന്ന് ഒരു ഫോറം ഒക്കെ തട്ടി കൂട്ടി . ഇതൊരു വലിയ സംഭവം ആണെന്ന രീതിയിലാണ് പ്ലാന്നിംഗ്.
പോകുന്ന ദിവസം നൈറ്റ്‌ ഷിഫ്റ്റ്‌ ആയിരുന്നു - സ്റ്റാറ്റസ് കോളില്‍ ഹായ് പറഞ്ഞ്ട്ട് മ്യുട്ട് ഇട്ടു വെച്ചിട്ടാണ് ഇറങ്ങിയത്‌. അതിന്റ്റെ ടെന്‍ഷന്‍ ഇല്ലാതില്ല - രയീസിന്റ്റെ വണ്ടിയും കൊണ്ടാണ് വന്നത് - ഇപ്പോഴേ ലേറ്റ് ആയി - ബോണി രണ്ടു തവണ വിളിച്ചു (അത് ഞാന്‍ ചുമ്മാതെ കയ്യീന്നിട്ടു പറഞ്ഞതാ - വലിയ വലിയ ആള്‍ക്കാര്‍ നമ്മളെ ഒക്കെ വിളിച്ചെന്ന് പറയുന്നത് തന്നെ ഒരു വിലയല്ലേ - ഏത്?) - കൃത്യം അത്തിപാളയം എത്തിയതും വണ്ടി പെട്രോള്‍ തീര്‍ന്നു നിന്നു. ഞാന്‍ അതും ഉരുട്ടി ചെന്ന് പെട്ടത് ടൂര്‍ തുടങ്ങിയിട്ട് മദ്യപാനം തുടങ്ങാന്‍ കാത്തു അക്ഷമരായി ഇരിക്കുന്ന ജനകൂട്ടത്തിന്റ്റെ നടുവിലെക്കും - പണ്ടാരോ പറഞ്ഞ പോലെ ഉമ്മറിന്റ്റെ പിടിയില്‍ നിന്നും കീറിയ ബ്ലൌസും ആയി രക്ഷപെട്ട ജയഭാരതി ഓടിച്ചെന്നു കയറിയത് ടി ജി രവിയുടെ കാറില്‍ എന്ന പോലെ ആയി എന്റ്റെ അവസ്ഥ - ഒരു മനുഷയുഗം കൊണ്ട് കേള്‍ക്കേണ്ട തെറി മുഴുവന്‍ ദാ ന്നു പറയുന്ന സമയം കൊണ്ട് കേട്ടു തീര്‍ത്തു. സുഹൃത്തുക്കളെ ടൂര്‍ പോകാതിരുന്നലോ എന്ന് വരെ ഞാന്‍ ചിന്തിച്ചു! എങ്കിലും - ഈ എങ്കിലും ആണ് എന്നെ പിടിച്ചു വലിച്ചത്!
ടൂര്‍ തുടങ്ങി ആകെ അലര്‍ച്ചയില്‍ ആ രാത്രി കടന്നു പോകവേ ഏതോ ഒരു മദ്യപാനി സ്റ്റാറ്റസ് കാള്‍ എന്തായി എന്ന് കരുതി ഒരു മൂലയില്‍ ഒതുങ്ങി ഇരുന്ന എന്നെ കണ്ടെത്തി - പിന്നീട് എന്തായി എന്നെനിക്കു കൃത്യമായി ഓര്‍മയില്ല - എല്ലാരും കൂടി എനനെയെടുത്തു ബസ്സില്‍ കൊടിമര ജാഥ നടത്തി. ഞാനാണോ അതോ അവന്മാരാണോ മദ്യപിച്ചത് എന്ന് മനസിലാക്കാന്‍ പറ്റാത്ത അവസ്ഥ. പാട്ടും കൂത്തും രാവിലെ വരെ തുടര്‍ന്നു. കൃത്യമായി പറഞ്ഞാല്‍ ചെക്ക്‌ പോസ്റ്റ്‌ എത്തുന്ന വരെ! അല്ല ചെക്ക്‌ പോസ്റ്റില്‍ വെച്ച് കയ്യിലുണ്ടായിരുന്ന രണ്ടു ലിറ്റര്‍ മിലിട്ടറി പിടിച്ചെടുക്കുന്ന വരെ! പ്രിയപ്പെട്ടവരേ ഒരു ബസ്‌ മൊത്തത്തില്‍ തകര്‍ന്നു പോകുകയായിരുന്നു - ബോണി ടൂര്‍ തന്നെ ക്യാന്‍സല്‍ ചെയ്താലോ എന്ന് വിചാരിച്ചു - എന്നാല്‍ അരയില്‍ ഒളിപ്പിച്ചു വെച്ച അരക്കുപ്പി മദ്യം കാണിച്ചു യാത്രയുടെ ആവേശം വീണ്ടെടുക്കുന്നതിലൂടെ കനൂളി തന്റ്റെ മാനേജ്‌മന്റ്‌ പാടവം വെളിപ്പെടുത്തി!
പിന്നീടുള്ള സെഷന്‍ ഭരണിപ്പാട്ടായിരുന്നു - ഐ.ഡി. യുടെ കണ്ടശുദ്ധി കേട്ടാല്‍ കൊടുങ്ങല്ലൂരില്‍ പാടുന്നത് അവനാനെന്നെ പറയൂ - പാട്ട് ലക്കം വെള്ളച്ചാട്ടം വരെ തുടര്ന്നു - മഴ തകര്‍ത്തു പെയ്യുന്നു; തണുപ്പ് ഏതാണ്ട് പത്തു ഡിഗ്രിയോടടുത്തു - എന്നാല്‍ അകത്തു വോഡ്കയുടെ ചൂട് നിറയുന്നവര്‍ക്ക് എന്ത് തണുപ്പ് ? താമരകള്‍ പൂത്തുലഞ്ഞ പോലെ എല്ലാവനും കൂടി വെള്ളത്തില്‍ - ആകെ ബോധമുള്ളത് എനിക്കും, രയീസിനും പിന്നെ ബോണിക്കും മാത്രം. ഇതിനിടെ കന്നോളീടെ കയ്യിലിരുന്ന അരക്കുപ്പി മദ്ധ്യം കണ്ട ഫോറസ്റ്റ് ഗാര്‍ഡ്‌ അത് പിടിച്ചെടുത്തു - കന്നോളി കൂടെ പോയി - അല്‍പ സമയത്തിനുള്ളില്‍ ചിരിച്ചു കൊണ്ട് തിരിച്ചെത്തി - ഒന്ന് പേടിക്കേണ്ട ഡീല്‍ ആയി എന്ന് പറയുന്നുണ്ട് (പിന്നാമ്പുറം : ഉള്ള അരക്കുപ്പി കന്നോളിയും ഗാര്‍ഡും കൂടി അടിച്ചു തീര്‍ത്തു - അതായിരുന്നത്രേ ഡീല്‍!)
നേരെ അവിടെ നിനും പോയത് ഇരവികുളം നാഷണല്‍ പാര്‍ക്കിലെക്കയിരുന്നു - മഴ തകര്‍ത്തു നിന്ന് പെയ്യുന്നു - വീട്റെന്നു പുറത്തിറങ്ങാതെ ഇരിക്കുന്ന വരയാടിനെ കാണാന്‍ ഇവന്മാര്‍ക്കെങ്ങനെ കഴിയാന്‍ എന്ന് ഞാന്‍ ചിന്തിച്ചു നില്‍ക്കുമ്പോള്‍ അതാ നമ്മുടെ ഫിനാന്സിലെ മനോജേട്ടന്‍ ഓടിക്കൊണ്ട്‌ വരുന്നു - വരയാടെടാ മക്കളെ വരയാട് - പുള്ളി വിളിച്ചു കൂവുന്നുണ്ട് -
വരയാടുകള്‍ ഇപ്പൊ മല ഇറങ്ങാന്‍ തുടങ്ങിയോ എന്നാലോചിചിരിക്കുംബോഴാനു ആ സത്യം ഞാന്‍ മനസിലാക്കിയത് - വരയാടെന്നു പറയുന്നത് ഏതോ കോളേജില്‍ നിന്നും വന്ന പെണ്പടെയെ ആണ് ! അതുവരെ വിശക്കുന്നെന്നും പറഞ്ഞു കയറു പൊട്ടിച്ചു നിന്നവന്മാര്‍ എല്ലാം കൂടി ഒരോട്ടം. ഒരര മണിക്കൂര്‍ കഴിഞ്ഞാ എല്ലാം കൂടി തിരിച്ചെത്തിയത്‌
- അപ്പോഴും ബോണി ഫോട്ടോയ്ക്ക്‌ പോസ് ചെയ്യുകയായിരുന്നു - ആ പാവം അറിയുന്നോ സിബിചേട്ടന്‍ തന്റ്റെ ഡി.എസ്.എല്‍.ആര്‍. ക്യാമറ പെണ്‍പിള്ളേരെ കാണിക്കാനുള്ള അഭ്യാസമാ നടത്തുന്നെന്നു? - ഓ ഇവന്മാര്‍ ക്യാമറമാനെ ഒക്കെ കൊണ്ടുവന്നിട്ടുണ്ടോ എന്നാ ഒരു തരുണീ മണിയുടെ ചോദ്യത്തോടെ പുള്ളി ഫോടോസേസ്സഷന്‍ മതിയാക്കിയത്രേ!! (ആ ക്യൂവില്‍ ഉള്ള‍ പെണ്‍പിള്ളേര്‍ കേള്‍ക്കാനായി അനൂപ്‌ ഓടി നടന്നു പറയുന്ന ഡയലോഗ് - ഞങ്ങള്‍ കോയമ്പത്തൂരില്‍ വലിയ ജോലിചെയ്യ്ന്ന മലയാളി ഉദ്യോഗസ്ഥന്‍ മാരാ - തമിഴ്നാട് വണ്ടിയില്‍ വന്നോണ്ട് തെറ്റിധരിക്കരുത്)
ഒരുവിധം അവിടുത്തെ കാഴ്ച മതിയാക്കി ഞങ്ങള്‍ താമസ സ്ഥലത്തെത്തി - ഞങ്ങളടുത്തുന്നു അഡ്വാന്‍സ്‌ ഒക്കെ വാങ്ങി പെയിന്റ് അടിച്ചിട്ടിരിക്കുന്നു - ഫുഡും കൊള്ളാം -കമ്മീഷന്‍ അടിച്ചെങ്കിലും എല്ലാം ഭംഗിയായി അറേഞ്ച് ചെയ്ത ജീസിനുള്ള നന്ദി രേഖപ്പെടുത്തുന്നു - ഉച്ചയുറക്കത്തിനു ശേഷം യാത്ര തുടര്‍ന്നത് മാട്ടുപ്പെട്ടിയിലെക്കാണ് - സാഗര്‍ ഏലിയാസ്‌ ജാക്കി കാണുന്നപോലെ തോന്നി എനിക്ക് - ആകെ മഴ മാത്രം - ഓരോ ഫ്രൈമിലും മഴ - മഴയുടെ സൌന്ദര്യം ആസ്വദിച്ചുകൊണ്ട്‌ അവിടെ നിന്നും എക്കോ പോയിന്റ്റില്‍ -
കരുമാലി, ജോര്‍ജ്, ലതീഷ്, ഷിജു തുടങ്ങിയവരുടെ സന്തോഷം ഇരട്ടിച്ചു - രാവിലെ കണ്ട പെണ്‍പട അതാ അവിടെ! മഴയല്ലേ പനി പിടിചിട്ടാണോ എന്തോ ആ സമയത്ത് എക്കോ പോയിന്റ്‌ പണി മുടക്കിലാര്‍ന്നു - എന്നാല്‍ കൂവിയ പെണ്‍പിള്ളേരെ സന്ദീപ്‌ ബാലനും, ജോര്‍ജും, ലിബുവും ഷിജുവും അടങ്ങുന്ന സംഘം നിരാശരാക്കിയില്ല - എക്കോ അവര്‍ ഇട്ടു കൊടുത്തു (എന്തായാലും നാലെണണത്തിനും പിറ്റേന്ന് ഒച്ച ഉണ്ടായില്ല)
തിരിച്ചെത്തിയ ഞങ്ങളെ കാത്തിരുന്നത് ക്യാമ്പ്‌ ഫയരിന്റ്റെ ഒരുക്കങ്ങള്‍ ആയിരുന്നു - വരുണ്‍, വിവേക്‌, കരുമാളി തുടങ്ങിയവര്‍ അകത്തെത്തിയ മദ്യത്തിന്റെ ലഹരിയില്‍ ശോഭനയെ വെല്ലുന്ന നിര്‍ത്തചുവടുകളുമായി രംഗത്തെത്തി - തുടര്ന്നു ഫയര്‍ ഡാന്‍സ് ബെല്ലി ഡാന്‍സിനു വഴിമാറി - ഉടുമുണ്ട് ഉരിഞ്ഞെറിഞ്ഞു കൊണ്ടുള്ള ആട്ടം കൂട്ടത്തില്‍ പെടാതെ ശന്കുവും ഞാനും അവിടെ നിന്നു. പത്തോളം പെഗ് അകത്തുന്ടെങ്കിലും നമ്മുടെ പാപ്പച്ചന് ഒരു കുലുക്കവും ഇല്ല എപ്പോഴും കാണിക്ക്കുന്ന പോലത്തെ സ്നേഹം പ്രകടിപ്പിക്കുന്നുണ്ട്! - അല്ല നീ എന്താ പോവാത്തെ - അവന്‍ ശന്കൂനോട് ചോദിച്ചു - അതിനവന്റ്റെ മറുപടി - " നീ ഈ സ്റ്റെപ്പ് കണ്ടോ അത് ഞാന്‍ ഇറങ്ങാത്തത് പേടിച്ചിട്ടാ" - ആറോളം പെഗ്ഗടിച്ച ശന്കൂന്റ്റെ മറുപടി!
കവിതയും പൊളിഞ്ഞ പ്രണയങ്ങളും ആയി ഒരു രാത്രി കടന്നു പോയി - സച്ചിനായിരുന്നു താരം ! അടുത്ത ദിവസം രാവിലെ കൊളുത്ത് മലയിലേക്ക് പുറപ്പെട്ടു - കടലില്‍ നിന്നും ഏതാണ്ട് ഏഴായിരത്തിലധികം അടി പൊക്കത്തില്‍ - ജീപ്പിലാണ് യാത്ര - കൃഷിപ്പണി ഇല്ലാത്തപ്പോള്‍ മറ്റു പണിക്കു പോകുന്ന ഒരാളെ ജീസ്‌ കൊണ്ടുവന്നു - ഞങ്ങളുടെ ഗൈഡ് ആയി - വഴിയില്‍ കാണുന്ന കൃഷി ഇനങളെ കുറിച്ചാണ് കക്ഷിയുടെ വിവരണം. ഒരു ഇംഗ്ലീഷ് വാക്കും പറയും – മിസ്റ്റ്
ഇതാണ് ലവള്‍ടെ വീട് - മുന്‍പൊരു പീഡന കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ വീട് ചൂണ്ടി കാട്ടി അങ്ങേര്‍ പറഞ്ഞു - ആരുടെ യോക്കെയോ ദ്രൊഹതിനിരയായ ഒരു കുട്ടിയെ സമൂഹം ഇപ്പോഴും അങ്ങനെ കാണുന്നതോര്‍ത്തു വിഷമം തോന്നി - അതൊക്കെ എന്തിനാ ഞങ്ങളോട് പറയുന്നേ എന്നാ ചോദ്യത്തിന് അങ്ങേര്‍ പറഞ്ഞ മറുപടി - " സാധാരണ ഇവിടെ വഴി പോകുന്നവര്‍ ഇങ്ങോട്ട് ചോദിക്കും ഏതാ വീടെന്നു?" ഇല്ല മലയാളി മാറില്ല :(
കൊളുത്ത് മലയില്‍ എത്തി വീണ്ടും മദ്യകുപ്പി തുറന്നു - ഉയരങ്ങളില്‍ നിന്നൊരു സോമരസപാനം - - തിരികെ പോകുമ്പോള്‍ ലോക്ക്ഹാര്‍ട്ട് വെള്ളച്ചാട്ടം കണ്ടു - വീണ്ടും സദ്യ, മയക്കം!
അവസാനം ഞങ്ങള്‍ കണ്ടത് ഓള്‍ഡ്‌ മുന്നാറിലെ സി.എസ്.ഐ ചര്‍ച് ആയിരുന്നു. മുന്‍പൊരിക്കല്‍ കേറാതെ പോയ ആ സ്ഥലത്ത് എത്തിച്ചേര്‍ന്നപ്പോള്‍ കുര്‍ബാന നടക്കുന്നു - പഴയ കോളാമ്പി സ്പീക്കറിലൂടെ കോടമാഞ്ഞിനെ കീറി മുറിച്ചു വന്ന ശബ്ദം കേട്ടത് ശരിക്കും നൊസ്റ്റാള്‍ജിയ ആയിരുന്നു.
പെട്ടെന്നൊരു ദൈവ വിളി ഉണ്ടായതിനാല്‍ ബോണി, സച്ചിന്‍, ബിനീഷ്‌, ജെയിംസ്‌, ലിബു ഉള്‍പ്പടെ ഉള്ള അച്ചായാന്മാര്‍ എല്ലാം കൂടി പള്ളിയില്‍ കേറി ( വല്ല പെണ്പിള്ളേരും ഉണ്ടോ എന്ന് നോക്കാനായിരുന്നെന്നും പറയപ്പെടുന്നു). കിട്ടിയ സമയം പാഴാകാതെ ഞാന്‍ മദാമ്മേടെ കുഴിമാടം ഒന്ന് കണ്ടു കളയാം എന്ന് കരുതി സെമിത്തേരിയിലേക്ക് കയറി (1910 ല്‍ അന്നത്തെ തേയില തോട്ടത്തിന്റെ മാനേജരായിരുന്ന സായിപ്പും ഭാര്യയും കൂടി ഇവിടെ വന്നത്രെ; കുന്നിന്റ്റെ മുകളില്‍ നിന്നും മുന്നാരിന്റ്റെ ഭംഗി കണ്ടു ഇഷ്ടപ്പെട്ട മദാമ്മ താന്‍ മരിച്ചാല്‍ ഇവിടെ അടക്കണമെന്ന് പറഞെന്നും സായിപ്പ്‌ അങ്ങനെ ചെയ്തെന്നും വായിച്ചിട്ടുണ്ട്.). ഒരു മലയുടെ നെറുകയിലാണ് സംഗതി - സജീഷ്‌ കൂടെ വന്നു.
കണ്ടു പിടിക്കാന്‍ വലിയ പ്രയാസം ഒന്നും ഉണ്ടായില്ല - പഴയ ബ്രിട്ടീഷ്‌ ശയിലിയില്‍ നിര്‍മ്മിച്ചതാണ് കല്ലറ - പഴയ ഗാംഭീര്യം ഉണ്ടെങ്കിലും ആരും നോക്കാതെ നശിച്ചു തുടങ്ങിയിരിക്കുന്നു. എന്നാല്‍ സായ്പ്പിന്ന്റെ കുഴിമാടം അവിടെങ്ങും കണ്ടില്ല! എന്തെല്ലാം കഥകള്‍ കാണും ആ കല്ലറയ്ക്ക് പറയാന്‍! ഞാന്‍ ഇങ്ങനെ ഓരോരോ കാര്യങ്ങള്‍ ഓര്‍ത്തു നില്‍ക്കുമ്പോള്‍ കുന്നിന്റ്റെ താഴെ നിന്നും ഒരു അലര്‍ച്ച കേട്ടു - സുഭാഷാണ് - ഇവന്മാരെ കാരണം ഈ ടൂര്‍ മുഴുവന്‍ ലേറ്റായി എന്ന പോലെയാണ് പുള്ളിയുടെ മുഖഭാവം! എന്തായാലും ഞങ്ങള്‍ പെട്ടെന്ന് ഇറങ്ങി - പോകാന്‍ നേരം സൂര്യന്‍ അസ്തമിച്ചു തുടങ്ങിയിരിക്കുന്നു - ആകെ ഒരു റൊമാന്റിക്‌ ഭാവം - അപ്പോഴും ആ മദാമ്മയും സായിപ്പും അവിടെ നില്‍ക്കുന്നുവോ - ഞങ്ങളെ യാത്ര അയക്കാന്‍ ? ഇനി എന്നാ വരുന്നതെന്ന് ചോദിക്കുന്നുണ്ടോ?

1 comment:

  1. അല്ല നീ മദ്യപാനം നിര്‍ത്തിയോ/

    ReplyDelete